---
title: "സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ  സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being injured in dispute over installing CCTV at neighbor's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350968/housewife-dies-after-being-injured-in-dispute-over-installing-cctv-at-neighbors-house"
published_at: "2026-04-01T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cce77671f53_Housewife_dies_after_being_injured_in_dispute_over_installing_CCTV_at_neighbors_house.jpg"
keywords: []
---

# സംഘർഷത്തിനിടെ ദാരുണാന്ത്യം; അയൽവാസിയുടെ വീട്ടിൽ  സിസിടിവി സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം, പരിക്കേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** കോട്ടയം : മണർകാട് കുഴിപ്പുരയിടത്തിൽ അയൽവാസികൾ തമ്മിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം.അയൽവാസിയായ തളത്തിപ്പറമ്പിൽ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

## Article Content

കോട്ടയം : മണർകാട് കുഴിപ്പുരയിടത്തിൽ അയൽവാസികൾ തമ്മിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ മരിച്ചു. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം.അയൽവാസിയായ തളത്തിപ്പറമ്പിൽ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് ശാന്തകുമാരിയും കുടുംബവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

തങ്ങളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുമെന്ന കാരണം ഉന്നയിച്ചായിരുന്നു തർക്കം. ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും സ്ഥലത്തെത്തി കുഞ്ഞുമോളും മകളുടെ ഭർത്താവ്‌ എബിയുമായി തർക്കത്തിലായി. തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റ ശാന്തകുമാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോളുടെ മകളുടെ ഭർത്താവ് വെള്ളൂർ സ്വദേശി എബി ജോർജിനെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുകുടുംബങ്ങളും തമ്മിൽ വഴിയടക്കമുള്ള കാര്യങ്ങളുടെ പേരിൽ മുമ്പും തർക്കം നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിശദമായ പരിശോധനകൾ‌ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350968/housewife-dies-after-being-injured-in-dispute-over-installing-cctv-at-neighbors-house)