---
title: "'ട്രംപ് പ്രവചിച്ച രണ്ടാഴ്ചയല്ല, ആറുമാസം പോരാടാൻ ഇറാൻ സജ്ജം'; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി അബ്ബാസ് അരാഗ്‌ചി"
english_title: "Abbas Araghchi gives a strong response to America"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350948/abbas-araghchi-gives-a-strong-response-to-america"
published_at: "2026-04-01T13:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd5d9b2d71_Abbas_Araghchi_gives_a_strong_response_to_America.jpg"
keywords: []
---

# 'ട്രംപ് പ്രവചിച്ച രണ്ടാഴ്ചയല്ല, ആറുമാസം പോരാടാൻ ഇറാൻ സജ്ജം'; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി അബ്ബാസ് അരാഗ്‌ചി

> **Lead Summary:** ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളെയും പ്രവചനങ്ങളെയും തള്ളിക്കൊണ്ട്, ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുദ്ധം തുടങ്ങിയാൽ അത് രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് അരാഗ്‌ചിയുടെ ഈ വെളിപ്പെടുത്തൽ.

## Article Content

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളെയും പ്രവചനങ്ങളെയും തള്ളിക്കൊണ്ട്, ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുദ്ധം തുടങ്ങിയാൽ അത് രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് അരാഗ്‌ചിയുടെ ഈ വെളിപ്പെടുത്തൽ.

കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന ശക്തമായ പോരാട്ടത്തിന് രാജ്യം തയ്യാറാണെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പ്രത്യേക സമയപരിധികളില്ലെന്നും ആവശ്യമെങ്കിൽ ഏതറ്റം വരെയും പോകാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇറാന്റെ ഈ കർക്കശ നിലപാട്.

ഇറാനിൽ പുതിയതും കൂടുതൽ വിവേകപൂർണ്ണവുമായ ഒരു ഭരണകൂടമാണ് നിലവിലുള്ളതെന്നും അമേരിക്കയുമായി ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും നിഷേധിച്ച അരാഗ്‌ചി, വാഷിംഗ്ടണുമായി നിലവിൽ നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കി. ഉടമ്പടികളിൽ എത്താൻ ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോഴാണ് അതിനെ ചർച്ച എന്ന് വിളിക്കുന്നത്, അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും മിഡിൽ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മധ്യസ്ഥർ വഴി പരോക്ഷമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിന്‍റെ പ്രസ്താവനയും അരാഗ്‌ചി തള്ളി. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും അമിതവുമാണെന്നാണ് ഇറാന്‍റെ നിലപാട്. ഭീഷണിയുടെയും സമയപരിധിയുടെയും ഭാഷയിൽ ഇറാനോട് സംസാരിക്കാൻ കഴിയില്ലെന്നും ട്രംപ് തന്‍റെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ നേരിടുന്നതിന് മുൻപ് മേഖലയിലാകെ സമാധാനം ഉറപ്പുവരുത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുകയാണ് ശത്രുക്കൾ ചെയ്യേണ്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350948/abbas-araghchi-gives-a-strong-response-to-america)