---
title: "'ക്രൂരതയുടെ അങ്ങേഅറ്റം!'; ഇറാനിലെ പ്രമുഖ മരുന്ന് നിർമ്മാണശാല ബോംബിട്ട് തകർത്ത് ഇസ്രായേൽ"
english_title: "Israel bombs major pharmaceutical factory in Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350940/israel-bombs-major-pharmaceutical-factory-in-iran"
published_at: "2026-04-01T13:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd21e37b33_Israel_bombs_major_pharmaceutical_factory_in_Iran.jpg"
keywords: []
---

# 'ക്രൂരതയുടെ അങ്ങേഅറ്റം!'; ഇറാനിലെ പ്രമുഖ മരുന്ന് നിർമ്മാണശാല ബോംബിട്ട് തകർത്ത് ഇസ്രായേൽ

> **Lead Summary:** തെഹ്‌റാന്‍: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിർമ്മാണ ശാല ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തകർത്തു. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന'യാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്.

## Article Content

തെഹ്‌റാന്‍: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിർമ്മാണ ശാല ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തകർത്തു. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന'യാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്.

ഇറാനിലെ പെന്‍ഷന്‍ ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം വിദേശ മരുന്ന് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍, ഭൂരിഭാഗം മരുന്നുകളും ഇറാന്‍ ആഭ്യന്തരമായാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാന കമ്പനിയാണ് ഇതെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രായേല്‍ പരസ്യമായും മറയില്ലാതെയും മരുന്ന് നിര്‍മ്മാണ കമ്പനികളെ ബോംബിട്ടു തകര്‍ക്കുകയാണെന്ന്' ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൊവ്വാഴ്ച പറഞ്ഞു.

ഇറാന്‍ ആക്രമണത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതിനിടയിലാണ് ഇസ്രായേല്‍ ഇറാനിലെ മരുന്ന് കമ്പനി ആക്രമിച്ചത്.

ഇറാനിലെ ആശുപത്രികള്‍ക്കുള്ള മരുന്നുകള്‍ തയ്യാറാക്കുന്ന പ്രധാന കമ്പനിയാണിത്. ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്ന പ്രധാന കമ്പനിയും ഇതാണ്. ചില കാന്‍സര്‍ മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മരുന്ന് കമ്പനി ആക്രമിച്ച് തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇറാനിലെ പ്രതിരോധ ഏജന്‍സികള്‍ക്ക് ഈ കമ്പനി രഹസ്യമായി മാരക മരുന്നുകള്‍ നിര്‍മിക്കുന്നതിനാലാണ് ആക്രമണം എന്നാണ് ഇസ്രായേലിന്റെ ആരോപണം. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇസ്രായേല്‍ പുറത്തുവിട്ടില്ല.

യുദ്ധത്തില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നാണ് അന്താരാഷ്ട്ര നിയമങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കമ്പനി ഒരേസമയം സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കില്‍ പോലും അവരുടെ മുന്‍ഗണന ഏതാണെന്ന് പരിശോധിക്കപ്പെടണം എന്നാണ് നിയമം അനുശാസിക്കുന്നത്. സൈനിക നേട്ടത്തേക്കാള്‍ വലുതാണോ സിവിലിയന്‍ നാശനഷ്ടം എന്ന് വിലയിരുത്താതെ ആക്രമണം നടത്താന്‍ പാടില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്.

സിവിലയന്‍, സൈനിക ഉപയോഗം എന്ന വാദം നിലനില്‍ക്കില്ലെന്നാണ് ഇറാനിയന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്ന ബോഴ്സ് ആന്‍ഡ് ബസാര്‍ ഫൗണ്ടേഷന്‍ മേധാവി എസ്ഫാന്‍ഡ്യാര്‍ ബമന്‍ഗെലിജ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ചില രാസവസ്തുക്കള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കാം എന്ന് തിരിച്ചറിഞ്ഞാല്‍ പോലും മരുന്ന് നിര്‍മ്മാണ ശാല തകര്‍ക്കുന്നതില്‍ കാര്യമില്ല. കാരണം അവിടെ പ്രാഥമിക നഷ്ടം സിവിലിയന്‍മാര്‍ക്കാണ്. സൈനികപരമായ കാരണം അവിടെ അനുബന്ധം മാത്രമാണ്' -അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350940/israel-bombs-major-pharmaceutical-factory-in-iran)