---
title: "മരണപ്പാച്ചിലിൽ 'ഹരേ കൃഷ്ണ'; യാത്രക്കാരൻ കുഴഞ്ഞുവീണു, നടുറോഡിൽ ആംബുലൻസായി മാറി സ്വകാര്യ ബസ്!"
english_title: "Adventure trip using a private bus as an ambulance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350923/adventure-trip-using-a-private-bus-as-an-ambulance"
published_at: "2026-04-01T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccc2cf4f25f_7.jpg"
keywords: []
---

# മരണപ്പാച്ചിലിൽ 'ഹരേ കൃഷ്ണ'; യാത്രക്കാരൻ കുഴഞ്ഞുവീണു, നടുറോഡിൽ ആംബുലൻസായി മാറി സ്വകാര്യ ബസ്!

> **Lead Summary:** **തൃശൂർ: [ **തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന 'ഹരേ കൃഷ്ണ' എന്ന സ്വകാര്യ ബസ് ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയ വാർത്ത നാടിന് മാതൃകയാകുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഉത്രാളിക്കാവിന് സമീപം വെച്ചാണ് ബസിലെ യാത്രക്കാരനായ ചേലക്കോട് സ്വദേശി ഉണ്ണികൃഷ്ണന് കടുത്ത നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.

## Article Content

**തൃശൂർ: [ **തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന 'ഹരേ കൃഷ്ണ' എന്ന സ്വകാര്യ ബസ് ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയ വാർത്ത നാടിന് മാതൃകയാകുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഉത്രാളിക്കാവിന് സമീപം വെച്ചാണ് ബസിലെ യാത്രക്കാരനായ ചേലക്കോട് സ്വദേശി ഉണ്ണികൃഷ്ണന് കടുത്ത നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.

ഈ സമയം കൂടെയുണ്ടായിരുന്ന യാത്രക്കാരായ ശങ്കർ, പ്രസാദ് എന്നിവർ ഉടൻ തന്നെ ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ഉണ്ണികൃഷ്ണന് പ്രാഥമികമായി ശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

അപകടാവസ്ഥ തിരിച്ചറിഞ്ഞ ബസ് ഡ്രൈവർ അരുണും കണ്ടക്ടർ മനോജും ഒട്ടും സമയം കളയാതെ യാത്രക്കാരുമായി ബസ് നേരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. അതിസാഹസികമായി ബസ് ഓടിച്ചാണ് ഇവർ ആശുപത്രിയിലെത്തിയത്.

ആശുപത്രിയിലെത്തിച്ച ഉടൻ ഉണ്ണികൃഷ്ണന് സി.പി.ആർ നൽകി ശ്വാസം വീണ്ടെടുക്കാനായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചെങ്കിലും, അതിവേഗത്തിൽ ബസ് ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ ബസിന്റെ മുൻഭാഗവും പിൻഭാഗവും റോഡിലിടിച്ച് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

ആശുപത്രി പ്രവേശന കവാടത്തിലെ അശാസ്ത്രീയമായ നിർമ്മാണമാണ് ബസ് ഇടിക്കാൻ കാരണമായതെന്നും, ഇത് രോഗികളുമായി എത്തുന്ന മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.

എങ്കിലും, സ്വന്തം വാഹനത്തിന്റെ കേടുപാടുകൾ വകവെക്കാതെ ഒരു മനുഷ്യജീവന് വിലകൽപ്പിച്ച ബസ് ജീവനക്കാരെയും യാത്രക്കാരെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350923/adventure-trip-using-a-private-bus-as-an-ambulance)