---
title: "കാൽനടയാത്രക്കാർക്ക് നേരെ കാർ ഓടിച്ചു കയറ്റി; മലയാളി യുവാവിനെതിരെ വധശ്രമത്തിന് കേസ്"
english_title: "Man charged with attempted murder after car rams into pedestrians"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350913/man-charged-with-attempted-murder-after-car-rams-into-pedestrians-new"
published_at: "2026-04-01T11:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccb82635080_Man_charged_with_attempted_murder_after_car_rams_into_pedestrians.jpg"
keywords: []
---

# കാൽനടയാത്രക്കാർക്ക് നേരെ കാർ ഓടിച്ചു കയറ്റി; മലയാളി യുവാവിനെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** ഡെർബി: ബ്രിട്ടനിലെ ഡെർബി നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ കാർ ഓടിച്ചു കയറ്റിയ 36കാരനായ ഇന്ത്യൻ വംശജനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിക്കുന്ന സന്ധു പൊന്നച്ചനെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

## Article Content

ഡെർബി: ബ്രിട്ടനിലെ ഡെർബി നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ കാർ ഓടിച്ചു കയറ്റിയ 36കാരനായ ഇന്ത്യൻ വംശജനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിക്കുന്ന സന്ധു പൊന്നച്ചനെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

ശനിയാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. സന്ധു പൊന്നച്ചൻ ഓടിച്ചിരുന്ന കറുത്ത സ്വിഫ്റ്റ് കാർ നടപ്പാതയിലൂടെ പോയിരുന്ന ഏഴ് പേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വധശ്രമം, ഗുരുതരമായ ശാരീരിക ഉപദ്രവം ഏൽപ്പിക്കൽ (ആറ് കേസുകൾ), അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

സംഭവത്തിൽ പരിക്കേറ്റ 36നും 52നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആരുടെയും നില നിലവിൽ ജീവന് ഭീഷണിയുള്ളതല്ല. മൂന്ന് പേരെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത് ശുഭകരമായ വാർത്തയാണെന്നും അന്വേഷണം തുടരുകയാണെന്നും പ്രതിയുമായോ സംഭവുമായോ വിവരമുള്ളവർ മുന്നോട്ട് വരണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ഡെർബിയിലെ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നഗരത്തിലെ ഫ്രിറാർ ഗേറ്റിനെ സമീപത്തെ പബ്ബിന് പുറത്ത് വച്ചാണ് മലയാളി കൂടിയായ സന്ധു പൊന്നച്ചന്റെ കാർ നിരവധിപ്പേരെ ഇടിച്ച് തെറിപ്പിച്ചത്. അപകടം നടന്ന് ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡെർബിഷെയർ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്നും കോടതിയിൽ കേസ് അവതരിപ്പിക്കാൻ ആവശ്യമായ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ജാനൈൻ മക്കിന്നി പറഞ്ഞു. ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പൊതുതാൽപ്പര്യമുള്ള കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തിന് ശേഷം വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാത്രി കുറ്റം ചുമത്തുന്നതുവരെ ചോദ്യം ചെയ്യുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു. ഇതൊരു ഭീകരവാദ പ്രവർത്തനമല്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശ്രിത വിസയിൽ ബ്രിട്ടനിലെത്തിയ 36കാരൻ വിവാഹമോചനത്തിന് ശേഷം തനിച്ചായിരുന്നു താമസമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350913/man-charged-with-attempted-murder-after-car-rams-into-pedestrians-new)