---
title: "ഇരുട്ടടി തുടരുന്നു ....! ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി"
english_title: "commercial lpg price hiked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350867/commercial-lpg-price-hiked"
published_at: "2026-04-01T08:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc8a7080837_lpg.jpg"
keywords: []
---

# ഇരുട്ടടി തുടരുന്നു ....! ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി

> **Lead Summary:** **ദില്ലി:** ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്.വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണ്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് 7 ന് 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.

## Article Content

**ദില്ലി:** ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്.വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണ്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് 7 ന് 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.

ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന. 5 കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ വർദ്ധന. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വില പുനർനിർണ്ണയിക്കുന്നത്. ഹോട്ടലുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ എൽപിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ വില വർദ്ധനയില്ല. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം എൽപിജി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350867/commercial-lpg-price-hiked)