---
title: "എംപിമാർ നാളെ ദില്ലിയിലേക്ക്; ക്രൈസ്‌തവ സഭകളുടെ എതിർപ്പ് ശക്തം, എഫ്‌സിആർഎ നിയമഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ"
english_title: "FCRA Amendment Bill to be tabled in Lok Sabha tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350841/fcra-amendment-bill-to-be-tabled-in-lok-sabha-tomorrow"
published_at: "2026-03-31T21:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbed1126f21_LOKSABHA.jpg"
keywords: []
---

# എംപിമാർ നാളെ ദില്ലിയിലേക്ക്; ക്രൈസ്‌തവ സഭകളുടെ എതിർപ്പ് ശക്തം, എഫ്‌സിആർഎ നിയമഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ

> **Lead Summary:** ദില്ലി: എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക്. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക.

## Article Content

ദില്ലി: എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക്. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക.

ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്ര നീക്കം. ലോക്‌സഭയുടെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ആശങ്കകൾ ഉണ്ടാകുമ്പോൾ അതു തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്ക് ഉണ്ടാകുമെന്നാണ് എഫ്‌സിആർഎ നിയമഭേദഗതിയുടെ കാര്യത്തിൽ ക്ലീമിസ് കാതോലിക്കാ ബാവ മുന്നറിയിപ്പ് നൽകിയത്. ലോക്സഭാ പാസാക്കിയാൽ സഭ സമ്മേളനത്തിൻ്റെ അവസാന ദിനത്തിൽ രാജ്യസഭയിലും ബിൽ കൊണ്ടുവന്നേക്കും. സഭാ നേതൃത്വങ്ങളുമായി ഇനി ചർച്ചയില്ലെന്നും ഭേദഗതി സഭകളെ ബാധിക്കുമെന്ന പ്രതിപക്ഷ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു ആരോപിച്ചു.

ബില്ലിൽ പിന്നോട്ടില്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോൾ സഭകൾ നിലപാട് കടുപ്പിക്കുകയാണ്. ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരകായുധമമാണ് ഭേദഗതിയെന്ന് സഭ മുഖ പത്രമായ ദീപിക മുഖ പ്രസംഗമെഴുതി. ബില്ലിൻ്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തര സഹമന്ത്രി തന്നെ തെളിച്ച് പറഞ്ഞിട്ടുണ്ടെന്നും ദീപിക കുറ്റപ്പെടുത്തി.

ബില്‍ സർക്കാരിന് ഏകാധിപത്യമാനമായ അധികാരം നൽകുന്നതാണെന്ന് മലങ്കര സുറിയാനി സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ്‌ ക്ലീമിസ് കാതോലിക്കാ ബാവാ വിമർശിച്ചു. നിയമം കൂടുതൽ കർശനമാക്കുന്നത് സദുദ്ദേശത്തോടെയാണോയെന്ന് സംശയിക്കുന്നതായി പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും അഭിപ്രായപ്പെട്ടു. എന്നാൽ സർക്കാരുമായി ഇനിയും ചർച്ചയാകുമെന്നാണ് സഭകളുടെ നിലപാട്.

ബില്ലിൽ ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കേരളത്തിലെ പ്രചാരണപരിപാടികള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രതികരിച്ചപ്പോൾ നിയമഭേദഗതി രാഷ്ട്രീയ വിഷയം ആക്കരുതെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രതികരണം. അതേസമയം, നിയമഭേദഗതിയുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആവർത്തിച്ച് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350841/fcra-amendment-bill-to-be-tabled-in-lok-sabha-tomorrow)