---
title: "'അവസരവാദത്തിന്റെ ആൾരൂപം; ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്'- വി.ഡി.സതീശൻ"
english_title: "The Chief Minister is running away from debates because he is afraid to answer popular issues  VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350797/the-chief-minister-is-running-away-from-debates-because-he-is-afraid-to-answer-popular-issues-vd-satheesan"
published_at: "2026-03-31T15:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb9bde7c7dd_vd_satheesan.jpg"
keywords: []
---

# 'അവസരവാദത്തിന്റെ ആൾരൂപം; ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്'- വി.ഡി.സതീശൻ

> **Lead Summary:** **കൊച്ചി: ** വികസന ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുന്നത് അങ്ങേയറ്റം നിരാശജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. രാഷ്ട്രീയമായ അന്തസും ജനാധിപത്യ മര്യാദയും കാണിക്കാതെ പിന്മാറുന്ന മുഖ്യമന്ത്രി, അവസരവാദത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

## Article Content

**കൊച്ചി: ** വികസന ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുന്നത് അങ്ങേയറ്റം നിരാശജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. രാഷ്ട്രീയമായ അന്തസും ജനാധിപത്യ മര്യാദയും കാണിക്കാതെ പിന്മാറുന്ന മുഖ്യമന്ത്രി, അവസരവാദത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. മുൻപ് വെൽഫെയർ പാർട്ടി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ അവരെ മതേതരവാദികളായി പ്രഖ്യാപിച്ച സിപിഎം, ഇപ്പോൾ അതേ മാനദണ്ഡങ്ങൾ മറന്നാണ് സംസാരിക്കുന്നത്. എന്തു തന്ത്രങ്ങൾ മെനഞ്ഞാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎം ജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ വോട്ടുകളെ സംബന്ധിച്ച യുഡിഎഫിന്റെ നിലപാട് വ്യക്തമാണെന്ന് സതീശൻ ആവർത്തിച്ചു. എസ്ഡിപിഐയുടെ വോട്ടുകൾ തങ്ങൾക്ക് വേണ്ട എന്നത് യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണ്. എസ്ഡിപിഐയെ രാഷ്ട്രീയമായി വിമർശിക്കുന്നതിൽ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. മഹാരാജാസ് കോളേജിൽ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടിൽ പോയി അവന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വയനാട് ഫണ്ട് വിനിയോഗത്തെ ചൊല്ലിയുള്ള ആരോപണങ്ങളിൽ സതീശൻ സിപിഎമ്മിനെ കടന്നാക്രമിച്ചു. വയനാട് ഫണ്ടിനെക്കുറിച്ച് സംസാരിക്കുന്നവർ പയ്യന്നൂരിലെയും അഭിമന്യുവിന്റെയും അടക്കമുള്ള രക്തസാക്ഷി ഫണ്ടുകളിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് ആദ്യം അന്വേഷിക്കണം. സ്വന്തം കണ്ണിലെ കോല് മാറ്റിയിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ പുറത്തുവന്നിട്ടും നടപടിയെടുക്കാത്ത സിപിഎം നിലപാട് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350797/the-chief-minister-is-running-away-from-debates-because-he-is-afraid-to-answer-popular-issues-vd-satheesan)