---
title: "തുറമുഖത്തെത്തിയത് വാഴപ്പഴം, ഉള്ളിൽ ഒളിപ്പിച്ചത് ഒരു ടൺ കൊക്കെയ്ൻ; മൂന്ന് പേർ പിടിയിൽ"
english_title: "Bananas arrive at port with one ton of cocaine hidden inside; Three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350775/bananas-arrive-at-port-with-one-ton-of-cocaine-hidden-inside-three-arrested"
published_at: "2026-03-31T14:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb88ad90e2f_Three_arrested.jpg"
keywords: []
---

# തുറമുഖത്തെത്തിയത് വാഴപ്പഴം, ഉള്ളിൽ ഒളിപ്പിച്ചത് ഒരു ടൺ കൊക്കെയ്ൻ; മൂന്ന് പേർ പിടിയിൽ

> **Lead Summary:** ബ്രിട്ടൻ: വാഴപ്പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 100 ദശലക്ഷം ഡോളർ (ഏകദേശം 830 കോടിയിലധികം രൂപ) വിലമതിക്കുന്ന കൊക്കെയ്ൻ ശേഖരം ബ്രിട്ടനിൽ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 939 കോടി രൂപയോളം വില വരുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ച് പിടികൂടിയത്.

## Article Content

ബ്രിട്ടൻ: വാഴപ്പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 100 ദശലക്ഷം ഡോളർ (ഏകദേശം 830 കോടിയിലധികം രൂപ) വിലമതിക്കുന്ന കൊക്കെയ്ൻ ശേഖരം ബ്രിട്ടനിൽ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 939 കോടി രൂപയോളം വില വരുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ച് പിടികൂടിയത്.

പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിന്റെ മറവിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്. ജോഷ്വ ബെറി (28), ഡാനിയൽ ഡുമിട്രു (37), ആൻഡ്രൂ സ്മിത്ത് (46) എന്നിവരാണ് പിടിയിലായ പ്രതികൾ. ഇവരെ ഏപ്രിൽ 17-ന് കോടതിയിൽ ഹാജരാക്കും. ഈ മാസമാദ്യം സതാംപ്ടണിൽ നിന്ന് കണ്ടെത്തിയ വൻ കൊക്കെയ്ൻ ശേഖരത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. ബ്രിട്ടനിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്.

നിക്കരാഗ്വയിൽ നിന്ന് പുറപ്പെട്ട് പനാമ വഴി സതാംപ്ടൺ തുറമുഖത്തെത്തിയ വാഴപ്പഴം നിറച്ച ഷിപ്പിംഗ് കണ്ടെയ്നറിനുള്ളിൽ നിന്ന് ഏകദേശം ഒരു ടൺ കൊക്കെയ്ൻ ആണ് ബോർഡർ ഏജൻസി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിന് വിപണിയിൽ ഏകദേശം 75 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 9,392,790,000 രൂപ) വില വരും. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന് കുറ്റത്തിനാണ് ഇവർ അറസ്റ്റിലായത്.

ബ്രിട്ടനിലേക്കെത്തിയ വൻതോതിലുള്ള കൊക്കെയ്ൻ ശേഖരമാണിതെന്ന് നാഷണൽ ക്രൈം ഏജൻസി ബ്രാഞ്ച് കമാൻഡർ സാജു ശശികുമാർ പ്രസ്താവനയിൽ വിശദമാക്കിയത്.വാഴപ്പഴം കയറ്റുമതി ചെയ്യുന്നതിനിടയിൽ കൊക്കെയ്ൻ ഒളിപ്പിക്കുന്നത് ഇതാദ്യമല്ല. റഷ്യ, നോർവേ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗ്രീസ്, ബൾഗേറിയ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ സതാംപ്ടൺ ഡോക്സിൽ നിന്ന് തന്നെ 12500 പൗണ്ടിലധികം കൊക്കെയ്ൻ വാഴപ്പഴങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350775/bananas-arrive-at-port-with-one-ton-of-cocaine-hidden-inside-three-arrested)