---
title: "'നേമത്ത്  എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല, ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകും' -പിണറായി വിജയൻ"
english_title: "pinarayi vijayan clarifies ldf sdpi support nemom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350727/pinarayi-vijayan-clarifies-ldf-sdpi-support-nemom"
published_at: "2026-03-31T11:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb5cfdc7676_pinarayi_vijayan.jpg"
keywords: []
---

# 'നേമത്ത്  എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല, ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകും' -പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: ** നേമത്ത് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** നേമത്ത് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും അറിയിച്ചു.

എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. മണ്ഡലത്തിന്റെ പ്രായോഗികതയ്ക്ക് അനുസരിച്ചുള്ള നിലപാട് ആളുകൾ സ്വീകരിക്കുമെന്ന് എല്ലാവർക്കുമറിയാം. ബിജെപി ജയിച്ചുവരേണ്ട മണ്ഡലമായിരുന്നില്ല നേമം. 2016ൽ പ്രത്യേക തരത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി വന്നതാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എൽഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ശിവൻകുട്ടിയും നേരിട്ട് അഭ്യർഥിച്ചില്ല. നേമത്തെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുക്കണം. 2016-ൽ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോൺഗ്രസ് ചെയ്തത്. 2021-ൽ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ബിജെപിയെ ഞങ്ങൾ ശക്തമായി എതിർക്കുമെന്ന് കണ്ടപ്പോൾ ഞങ്ങളോട് യോജിപ്പോ സഹകരണമോ ഇല്ലാത്ത ചിലർ ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ടുചെയ്തിട്ടുണ്ടാകും.

ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലയാളുകൾ ബിജെപിയെ പരാജയപ്പെടുത്താൻ, എൽഡിഎഫാണ് ബിജെപിയെ നേരിടാൻ ശരിയായ രീതിയിൽ മുന്നിട്ടിറങ്ങിയത് എന്ന് വരുമ്പോൾ സഹായിക്കാൻ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും സഹായത്തിന്റെയോ ധാരണയുടെയോ ഭാഗമല്ല' മുഖ്യമന്ത്രി പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു.

എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ അനുഭവമാണ്. കാര്യങ്ങൾ എങ്ങനെ വക്രീകരിക്കുമെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രാൻഷിപ്മൻ്റ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ദീർഘകാല അടിത്തറ പകരുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2028ൽ നാല്ഘട്ടവും പൂർത്തിയാക്കും. റെക്കോർഡ് നേട്ടമായിരുന്നു കഴിഞ്ഞ വർഷം വിഴിഞ്ഞത്ത്.125 കോടി ഇത് വരെ സംസ്ഥാനത്തിന് വരുമാനം ഉണ്ടായി.

നാവായിക്കുളം ഔട്ടർ റിംഗ് റോഡ് വലിയ പദ്ധതിയാണ്. ഐടി മേഖലയിലും വലിയ വികസനം ഉണ്ടായി. ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതിയിൽ 200% വളർച്ച. കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും കുത്തനെ കൂടി. പത്ത് വർഷത്തിനിടെ സർക്കാർ 70000 അധികം തൊഴിലവസരം ഉണ്ടാക്കി. വികസനപാത തുടരണോ, അതാണ് ജനങ്ങളോട് സംസാരിക്കാനുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350727/pinarayi-vijayan-clarifies-ldf-sdpi-support-nemom)