---
title: "ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉടനുണ്ടാവില്ല; 'ഓപ്പറേഷൻ എപിക് ഫ്യൂരി' അവസാനിപ്പിക്കാൻ ട്രംപ്; ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നു?"
english_title: "Opening of the Strait of Hormuz will not happen soon; Trump to end 'Operation Epic Fury'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350719/opening-of-the-strait-of-hormuz-will-not-happen-soon-trump-to-end-operation-epic-fury"
published_at: "2026-03-31T10:22:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb537b17043_Trump_to_end_Operation_Epic_Fury.jpg"
keywords: []
---

# ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉടനുണ്ടാവില്ല; 'ഓപ്പറേഷൻ എപിക് ഫ്യൂരി' അവസാനിപ്പിക്കാൻ ട്രംപ്; ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നു?

> **Lead Summary:** വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി 'ഓപ്പറേഷൻ എപിക് ഫ്യൂരി' അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കമെന്ന് വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അഞ്ച് ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ പിന്മാറ്റ ശ്രമങ്ങൾ പുറത്തുവരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമാണെന്നും ഇത് യുദ്ധം നീണ്ടുപോകാൻ കാരണമാകുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അമേരിക്ക പിന്മാറിയാൽ, ആഗോള ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ഈ നിർണ്ണായക സമുദ്രപാതയുടെ നിയന്ത്രണം ഇറാന്റെ കൈകളിൽ തന്നെ തുടരാൻ സാധ്യതയുണ്ട്.

## Article Content

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി 'ഓപ്പറേഷൻ എപിക് ഫ്യൂരി' അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കമെന്ന് വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അഞ്ച് ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ പിന്മാറ്റ ശ്രമങ്ങൾ പുറത്തുവരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമാണെന്നും ഇത് യുദ്ധം നീണ്ടുപോകാൻ കാരണമാകുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അമേരിക്ക പിന്മാറിയാൽ, ആഗോള ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ഈ നിർണ്ണായക സമുദ്രപാതയുടെ നിയന്ത്രണം ഇറാന്റെ കൈകളിൽ തന്നെ തുടരാൻ സാധ്യതയുണ്ട്.

കടലിടുക്ക് തുറക്കുന്നതിനായുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെങ്കിലും നിലവിൽ അതിന് മുൻഗണന നൽകുന്നില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പശ്ചിമേഷ്യയിൽ യുഎസ് സൈനിക ശക്തി വർധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം യുഎസ്എസ് ട്രിപ്പോളിയും 2500ലധികം മറൈൻ സൈനികരും പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ 10000 കരസേന സൈനികരെ കൂടി വിന്യസിച്ച് ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള പദ്ധതികളും ട്രംപിന്റെ പരിഗണനയിലുണ്ട്.

ഇറാന്റെ നാവികസേനയെയും മിസൈൽ ശേഖരത്തെയും ദുർബലപ്പെടുത്തുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം സൈനിക നടപടികൾ അവസാനിപ്പിക്കുകയും വ്യാപാര പാതകൾ പുനസ്ഥാപിക്കാൻ ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഈ നീക്കം പരാജയപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികൾ നേതൃത്വം നൽകണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലും വാഷിംഗ്ടണിന്റെ ഈ നിലപാടുമാറ്റം പ്രകടമായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നത് ഇറാന്റെ സൈനിക നടപടി അവസാനിപ്പിക്കുന്നതിനായി ട്രംപ് നിശ്ചയിച്ചിട്ടുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്നല്ലെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശദമാക്കിയത്. യുഎസ് സൈനിക നടപടി അവസാനിച്ചശേഷം കടലിടുക്ക് ഏതെങ്കിലും ഒരു തരത്തിൽ വീണ്ടും തുറക്കും എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അൽ ജസീറയോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350719/opening-of-the-strait-of-hormuz-will-not-happen-soon-trump-to-end-operation-epic-fury)