---
title: "ശബരിമലയിൽ അരിവാരലിനിടെ പണം കവർന്ന താത്കാലിക ജീവനക്കാർ കുടുങ്ങുന്നു; 3.79 ലക്ഷം രൂപ വീട്ടിലേക്കയച്ച അഞ്ചുപേർ ഉടൻ അറസ്റ്റിലാകും"
english_title: "Temporary workers who stole money while carrying rice in Sabarimala are trapped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350709/temporary-workers-who-stole-money-while-carrying-rice-in-sabarimala-are-trapped"
published_at: "2026-03-31T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb48678b5fe_2.jpg"
keywords: []
---

# ശബരിമലയിൽ അരിവാരലിനിടെ പണം കവർന്ന താത്കാലിക ജീവനക്കാർ കുടുങ്ങുന്നു; 3.79 ലക്ഷം രൂപ വീട്ടിലേക്കയച്ച അഞ്ചുപേർ ഉടൻ അറസ്റ്റിലാകും

> **Lead Summary:** **പത്തനംതിട്ട: [ **ശബരിമല സന്നിധാനത്ത് ഭക്തർ സമർപ്പിക്കുന്ന അരി വാരുന്നതിനിടെ പണം മോഷ്ടിച്ച് നാട്ടിലേക്കയച്ച അഞ്ച് താത്കാലിക ജീവനക്കാർ ഉടൻ അറസ്റ്റിലാകും. കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസാണ് കേസെടുത്തത്.

## Article Content

**പത്തനംതിട്ട: [ **ശബരിമല സന്നിധാനത്ത് ഭക്തർ സമർപ്പിക്കുന്ന അരി വാരുന്നതിനിടെ പണം മോഷ്ടിച്ച് നാട്ടിലേക്കയച്ച അഞ്ച് താത്കാലിക ജീവനക്കാർ ഉടൻ അറസ്റ്റിലാകും. കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസാണ് കേസെടുത്തത്.

അടൂർ സ്വദേശി ആർ. പ്രദീപ്, വിതുര സ്വദേശി ബിജുകുമാർ, നെടുവത്തൂർ സ്വദേശി എസ്. ബൈജു, പുനലൂർ സ്വദേശികളായ ആർ. അജിമോൻ, അരുൺ കൃഷ്ണൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. മഞ്ഞളും കുങ്കുമവും പുരണ്ട നോട്ടുകൾ അസാധാരണമായ രീതിയിൽ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി നാട്ടിലേക്ക് അയക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്.

പ്രതിദിനം 650 രൂപ മാത്രം വേതനം ലഭിക്കുന്ന ജീവനക്കാർ ലക്ഷക്കണക്കിന് രൂപ ഒന്നിച്ച് നാട്ടിലേക്കയച്ചത് സംശയത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചുപേരും ചേർന്ന് 3.79 ലക്ഷം രൂപ ഇത്തരത്തിൽ കടത്തിയതായി കണ്ടെത്തി.

ദേവസ്വം വിജിലൻസിനോട് പ്രതികൾ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് കേസ് പോലീസിന് കൈമാറിയത്. പ്രതികളിൽ ഒരാളായ പ്രദീപ് മാത്രം 1.38 ലക്ഷം രൂപയാണ് വീട്ടിലേക്കയച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ വിജിലൻസ് അന്വേഷണം തുടരുകയാണ്.

ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്കും സമർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350709/temporary-workers-who-stole-money-while-carrying-rice-in-sabarimala-are-trapped)