---
title: " 'തെലങ്കാനയിൽ 25 മാസമായി പെൻഷൻ ഇല്ല, രാഹുൽ ​ഗാന്ധിയുടേത് പൊള്ളയായ ​ഗ്യാരന്റി' -പ്രകാശ് കാരാട്ട്"
english_title: "There has been no pension in Telangana for 25 months Rahul Gandhi's guarantee is empty  Prakash Karat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350676/there-has-been-no-pension-in-telangana-for-25-months-rahul-gandhis-guarantee-is-empty-prakash-karat"
published_at: "2026-03-30T21:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca999f2ecd4_prakash_karatt.jpg"
keywords: []
---

#  'തെലങ്കാനയിൽ 25 മാസമായി പെൻഷൻ ഇല്ല, രാഹുൽ ​ഗാന്ധിയുടേത് പൊള്ളയായ ​ഗ്യാരന്റി' -പ്രകാശ് കാരാട്ട്

> **Lead Summary:** **തിരുവനന്തപുരം: ** കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരൻ്റികൾ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാത്രമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെലങ്കാനയിൽ 25 മാസമായി പെൻഷൻ തുക നൽകിയിട്ടില്ല. അധികാരത്തിൽ എത്തിയാൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ മറക്കുമെന്നും പ്രകാശ് കാരാട്ട് പരിഹസിച്ചു.

## Article Content

**തിരുവനന്തപുരം: ** കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരൻ്റികൾ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാത്രമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെലങ്കാനയിൽ 25 മാസമായി പെൻഷൻ തുക നൽകിയിട്ടില്ല. അധികാരത്തിൽ എത്തിയാൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ മറക്കുമെന്നും പ്രകാശ് കാരാട്ട് പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആർഎസ്എസ് സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു. ഭരണഘടനാ ലംഘനം നടത്തുകയും ഫെഡറൽ സംവിധാനങ്ങൾ തകർക്കുകയും ചെയ്യുന്നു. എന്നാൽ, കേരളം വ്യത്യസ്തമായി മാറുകയാണ്. കേരളത്തിൽ വർഗീയ സംഘർഷമില്ല.

അത് നടപ്പിലാക്കാൻ ഇടതു സർക്കാർ അനുവദിക്കില്ല. അതിന് വേണ്ടിയുള്ള ഭരണ തുടർച്ചയാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

തെലങ്കാനയിൽ ഒരു വർഷത്തിനിടയിൽ ഏഴ് വർഗീയ സംഘർഷം ഉണ്ടായി. ഹിമാചലിൽ ഉണ്ടാവുന്ന സംഘർഷങ്ങളെ കോൺഗ്രസ് ന്യായീകരിക്കുന്നു. ഇതിൽ നിന്നെല്ലാം വിഭിന്നമായി കേരളം മാത്രമാണുള്ളതെന്നും എൽഡിഎഫ് മുന്നിൽ നിന്ന് നയിക്കുന്നത് കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവകാശങ്ങളുന്നയിക്കാൻ സാധിക്കില്ല. ഉത്തർ പ്രദേശിൽ ബുൾഡോസർ രാജ് നടപ്പിലാക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഇതേ അവസ്ഥയാണ്. എന്നാൽ, കേരളത്തിൽ വീടില്ലാത്തവർക്ക് ഇടതുപക്ഷം വീട് വെച്ച് നൽകുന്നുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350676/there-has-been-no-pension-in-telangana-for-25-months-rahul-gandhis-guarantee-is-empty-prakash-karat)