---
title: "വ്യായാമം ശീലമാക്കൂ, എട്ട് മാരക രോഗങ്ങളെ പടിക്കുപുറത്താക്കാം; പുതിയ പഠന റിപ്പോർട്ട് പുറത്ത്"
english_title: "Eight deadly diseases can be eliminated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350651/eight-deadly-diseases-can-be-eliminated"
published_at: "2026-03-30T17:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5f47592e3_25.jpg"
keywords: []
---

# വ്യായാമം ശീലമാക്കൂ, എട്ട് മാരക രോഗങ്ങളെ പടിക്കുപുറത്താക്കാം; പുതിയ പഠന റിപ്പോർട്ട് പുറത്ത്

> **Lead Summary:** **[** സമയമില്ലെന്ന കാരണം പറഞ്ഞ് വ്യായാമത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കൃത്യമായ ശാരീരിക അധ്വാനത്തിലൂടെ എട്ട് മാരക രോഗങ്ങളെ വരെ പ്രതിരോധിക്കാമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

## Article Content

**[** സമയമില്ലെന്ന കാരണം പറഞ്ഞ് വ്യായാമത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കൃത്യമായ ശാരീരിക അധ്വാനത്തിലൂടെ എട്ട് മാരക രോഗങ്ങളെ വരെ പ്രതിരോധിക്കാമെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

യൂറോപ്യൻ ഹാർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചിട്ടയായ വ്യായാമം ശീലമാക്കുന്നവരിൽ ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, കരൾ-വൃക്ക രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ, പക്ഷാഘാതം തുടങ്ങിയവ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

യു.കെയിൽ നിന്നുള്ള ഏകദേശം ഒരു ലക്ഷത്തോളം പേരുടെ ഏഴു വർഷത്തെ ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. തീവ്രമായ വ്യായാമം ചെയ്യുന്നവരിൽ ഡിമെൻഷ്യക്കുള്ള സാധ്യത 63 ശതമാനവും പ്രമേഹത്തിനുള്ള സാധ്യത 60 ശതമാനവും കുറവാണെന്നത് വ്യായാമത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.

എന്നാൽ വ്യായാമം തുടങ്ങുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ചും ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ ആയ പ്രശ്നങ്ങൾ ലക്ഷണങ്ങളില്ലാതെ ശരീരത്തിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു ഡോക്ടറുടെയോ ട്രെയിനറുടെയോ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

പെട്ടെന്നൊരു ദിവസം കഠിനമായ വ്യായാമങ്ങളിലേക്ക് കടക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ ലഘുവായ ശാരീരിക പ്രവർത്തനങ്ങളിലൂടെ തുടങ്ങി ഘട്ടംഘട്ടമായി മാത്രം തീവ്രത വർധിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

സന്ധിവേദനയോ നടുവേദനയോ ഉള്ളവർ ഭാരമെടുക്കുന്ന വ്യായാമങ്ങൾ ഒഴിവാക്കണമെന്നും തൈറോയിഡ്, പി.സി.ഒ.ഡി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള സ്ത്രീകൾ വിദഗ്ധ നിർദേശപ്രകാരം മാത്രം വ്യായാമ മുറകൾ തിരഞ്ഞെടുക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350651/eight-deadly-diseases-can-be-eliminated)