---
title: "'റബറിന്റെ താങ്ങുവില 250 ആക്കും, ആദ്യ തീരുമാനം പ്രഖ്യാപിച്ചു; കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി"
english_title: "Rahul Gandhi promises to kerala if udf come to rule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350647/rahul-gandhi-promises-to-kerala-if-udf-come-to-rule"
published_at: "2026-03-30T16:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5be09a378_rahul.jpg"
keywords: []
---

# 'റബറിന്റെ താങ്ങുവില 250 ആക്കും, ആദ്യ തീരുമാനം പ്രഖ്യാപിച്ചു; കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

> **Lead Summary:** **കോട്ടയം: ** കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

## Article Content

**കോട്ടയം: ** കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

ചാണ്ടി ഉമ്മനെ കൈ പിടിച്ചിയർത്തി പുതുപ്പള്ളിയിൽ ആവേശം വിതറിയ രാഹുൽ, ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും വ്യക്തമാക്കി.

10 വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. അധികാരത്തിലേറിയാൽ യു ഡി എഫ് സർക്കാർ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. റബർ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സർക്കാരിനെയും രാഹുൽ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യൻ കർഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡോണൾഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു.

അദാനി അമേരിക്കയിലേക്ക് പോയാൽ പിടിച്ച് അകത്തിടുമെന്ന സ്ഥിതിയാണെന്നും ബി ജെ പിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ആരോപിച്ചു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരുന്ന നാളുകളിൽ 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു.

പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽ ഡി എഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. കോൺഗ്രസിന് മാത്രമേ ബി ജെ പിയെയും എൽ ഡി എഫിനെയും നേരിടാൻ കഴിയൂ. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണുന്നുണ്ടെന്നും വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350647/rahul-gandhi-promises-to-kerala-if-udf-come-to-rule)