---
title: "സ്ക്രീൻ ഉപയോഗം 6 മണിക്കൂർ കടന്നാൽ ഹൃദയം അപകടത്തിൽ; വ്യായാമം ചെയ്താലും രക്ഷയില്ലെന്ന് പഠനം"
english_title: "Screen time exceeding 6 hours puts you at risk of heart disease; exercise is no cure, study finds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350623/screen-time-exceeding-6-hours-puts-you-at-risk-of-heart-disease-exercise-is-no-cure-study-finds"
published_at: "2026-03-30T15:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca44fdc9a4f_exercise_is_no_cure,_study_finds.jpg"
keywords: []
---

# സ്ക്രീൻ ഉപയോഗം 6 മണിക്കൂർ കടന്നാൽ ഹൃദയം അപകടത്തിൽ; വ്യായാമം ചെയ്താലും രക്ഷയില്ലെന്ന് പഠനം

> **Lead Summary:** യുവാക്കളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ വാർഷിക ശാസ്ത്ര സെഷനിൽ അവതരിപ്പിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ പോലും ദീർഘനേരത്തെ സ്ക്രീൻ ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കാനും കൊളസ്ട്രോൾ നില താളംതെറ്റിക്കാനും കാരണമാകുന്നു.

## Article Content

യുവാക്കളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ വാർഷിക ശാസ്ത്ര സെഷനിൽ അവതരിപ്പിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ പോലും ദീർഘനേരത്തെ സ്ക്രീൻ ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കാനും കൊളസ്ട്രോൾ നില താളംതെറ്റിക്കാനും കാരണമാകുന്നു.

ഹൈദരാബാദ്, കറാച്ചി എന്നീ നഗരങ്ങളിൽ നിന്നുള്ള 35 വയസ്സ് പ്രായമുള്ള 382 പേരിലാണ് ഗവേഷണം നടത്തിയത്. വിനോദത്തിനായി (റീൽസ്, ഗെയിമിംഗ്, സിനിമ തുടങ്ങിയവ) ഒരു ദിവസം 6 മണിക്കൂറിലധികം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നവരിൽ ഗുരുതരമായ ആരോഗ്യ വ്യതിയാനങ്ങൾ കണ്ടെത്തി. കുറഞ്ഞ സമയം മാത്രം സ്ക്രീൻ ഉപയോഗിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, ഇവരിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ 18 mmHg വരെ വർധനവുണ്ട്. കൂടാതെ ചീത്ത കൊളസ്ട്രോൾ (LDL) 28 mg/dL വർധിക്കുകയും നല്ല കൊളസ്ട്രോൾ (HDL) 3.9 mg/dL കുറയുകയും ചെയ്തു. ഉയർന്ന ബി.എം.ഐ (BMI), കുടവയർ തുടങ്ങിയ ലക്ഷണങ്ങളും ഇവരിൽ പ്രകടമാണ്.

പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം സ്ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ കഴിയില്ലെന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഹൃദയാരോഗ്യത്തിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് സ്ക്രീൻ സമയം കുറയ്ക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാർഡിയോളജിസ്റ്റ് ഡോ. സൈൻ ഇസ്‌ലാം വ്യക്തമാക്കി.

കൂടുതൽ സമയം സ്ക്രീനിന് മുന്നിലിരിക്കുന്നവർക്കിടയിൽ പുകവലി, വാപ്പിംഗ് തുടങ്ങിയ ശീലങ്ങൾ ഇരട്ടിയാണെന്നും (25%) പഠനം ചൂണ്ടിക്കാട്ടുന്നു. ഉറക്കക്കുറവും കൃത്യമല്ലാത്ത ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

**മുൻകരുതലുകൾ:**

വിനോദത്തിനായുള്ള സ്ക്രീൻ ഉപയോഗം ദിവസം 6 മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുക.

ഉണർന്ന ശേഷമുള്ള ആദ്യ മണിക്കൂറിലും ഉറങ്ങുന്നതിന് മുൻപുള്ള അവസാന മണിക്കൂറിലും ഫോൺ പൂർണ്ണമായും ഒഴിവാക്കുക.

ഫോൺ കോളുകൾ സംസാരിക്കുമ്പോൾ നടക്കുന്നത് ശീലമാക്കുക.

വ്യായാമത്തിനിടയിലെ സ്ക്രീൻ ഉപയോഗം കുറയ്ക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350623/screen-time-exceeding-6-hours-puts-you-at-risk-of-heart-disease-exercise-is-no-cure-study-finds)