---
title: "  കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ"
english_title: "meteorological department predicts possibility of rain with thunderstorms in kerala for the next four days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350612/meteorological-department-predicts-possibility-of-rain-with-thunderstorms-in-kerala-for-the-next-four-days"
published_at: "2026-03-30T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca3c1a0e775_rain.jpg"
keywords: []
---

#   കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

മാർച്ച്‌ 31 വരെ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുശേഷവും മഴ ലഭിക്കുമെങ്കിലും എല്ലാ ജില്ലകളിലും ലഭിക്കണമെന്നില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

**വേനല്‍മഴയിലും വേണം ശ്രദ്ധ...!**

ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.

സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടി വയ്‌ക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350612/meteorological-department-predicts-possibility-of-rain-with-thunderstorms-in-kerala-for-the-next-four-days)