---
title: "'മതിൽ ചാടിയെത്തും, സ്ത്രീകളുടെ അടിവസ്ത്രം മാത്രം മോഷ്ടിക്കും'; വിചിത്ര കള്ളനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്"
english_title: "Police intensify search for mysterious thief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350605/police-intensify-search-for-mysterious-thief"
published_at: "2026-03-30T13:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca32bd2309e_Police_intensify_search_for_mysterious_thief.jpg"
keywords: []
---

# 'മതിൽ ചാടിയെത്തും, സ്ത്രീകളുടെ അടിവസ്ത്രം മാത്രം മോഷ്ടിക്കും'; വിചിത്ര കള്ളനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

> **Lead Summary:** ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസാധാരണമായ ഒരു കേസിന് പിന്നാലെയാണ് കർണാടക പോലീസ്. കൊപ്പൽ ജില്ലയിലെ ഗംഗാവതി പട്ടണത്തിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന ഒരാളാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കുന്നത്.

## Article Content

ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസാധാരണമായ ഒരു കേസിന് പിന്നാലെയാണ് കർണാടക പോലീസ്. കൊപ്പൽ ജില്ലയിലെ ഗംഗാവതി പട്ടണത്തിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന ഒരാളാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കുന്നത്.

ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പരാതികൾ വ്യാപകമായതോടെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതി അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അജ്ഞാതൻ രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നഗരത്തിലെ പ്രധാന റെസിഡൻഷ്യൽ ഏരിയയായ സി.ബി.എസ് പ്രദേശത്ത് നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി മോഷണങ്ങൾ നടക്കുന്നുണ്ടെന്ന് താമസക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്. ആവർത്തിച്ചുള്ള സംഭവങ്ങൾ സ്ത്രീകളിൽ ആശങ്ക വർധിപ്പിച്ചു. 'സൈക്കോ'യാണ് സംഭവത്തിനു പിന്നിലെന്നാണ് സ്ത്രീകൾ അഭിപ്രായപ്പെടുന്നത്. ഇത് ആശങ്കയും വർധിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350605/police-intensify-search-for-mysterious-thief)