---
title: "ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടോ? ഇനി പരാതി നൽകാൻ സ്റ്റേഷനിൽ പോകേണ്ട; റെയിൽവേയുടെ പുതിയ മാറ്റം"
english_title: "Lost your phone during a train journey? No need to go to the station to file a complaint; Railways' new change"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350542/lost-your-phone-during-a-train-journey-no-need-to-go-to-the-station-to-file-a-complaint-railways-new-change"
published_at: "2026-03-30T10:28:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca03b33d616_No_need_to_go_to_the_station_to_file_a_complaint;_Railways_new_change.jpg"
keywords: []
---

# ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടോ? ഇനി പരാതി നൽകാൻ സ്റ്റേഷനിൽ പോകേണ്ട; റെയിൽവേയുടെ പുതിയ മാറ്റം

> **Lead Summary:** ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഇനിമുതൽ ഫോൺ നഷ്ടപ്പെട്ടാൽ പരാതി നൽകാനോ സിം കാർഡ് ബ്ലോക്ക് ചെയ്യാനോ റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സമയം കളയേണ്ടതില്ല. റെയിൽവേ സംരക്ഷണ സേനയും ടെലികോം വകുപ്പും കൈകോർത്ത് നടപ്പിലാക്കുന്ന ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ അതിവേഗം നടപടികൾ സ്വീകരിക്കാൻ സാധിക്കും.

## Article Content

ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഇനിമുതൽ ഫോൺ നഷ്ടപ്പെട്ടാൽ പരാതി നൽകാനോ സിം കാർഡ് ബ്ലോക്ക് ചെയ്യാനോ റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സമയം കളയേണ്ടതില്ല. റെയിൽവേ സംരക്ഷണ സേനയും ടെലികോം വകുപ്പും കൈകോർത്ത് നടപ്പിലാക്കുന്ന ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ അതിവേഗം നടപടികൾ സ്വീകരിക്കാൻ സാധിക്കും.

യാത്രക്കാരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയ ഈ സംവിധാനത്തിലൂടെ പരാതി ഓൺലൈനായി രേഖപ്പെടുത്താനും ഫോണിന്റെ ഐ.എം.ഇ.ഐ (IMEI) നമ്പർ ഉപയോഗിച്ച് അത് ബ്ലോക്ക് ചെയ്യാനും സാധിക്കും. ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനും മോഷ്ടിക്കപ്പെട്ട ഫോണുകൾ വേഗത്തിൽ കണ്ടെത്താനും ഈ പുതിയ സംയുക്ത നീക്കം സഹായിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

എങ്ങനെ പരാതി നൽകാം?

യാത്രക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 'റെയിൽ മദദ്' (Rail Madad) ആപ്പ് വഴിയോ അല്ലെങ്കിൽ 139 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കാം. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (CEIR) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ട വിവരം രജിസ്റ്റർ ചെയ്യണം. ആർ.പി.എഫും സോണൽ സൈബർ സെല്ലും ചേർന്ന് ഉടൻ തന്നെ ഫോൺ ബ്ലോക്ക് ചെയ്യുകയും അത് കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.

പരാതി നൽകുന്നതോടെ ഫോൺ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. ഇതിലൂടെ ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനാകും. ഈ സേവനത്തിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ സ്റ്റേഷൻ സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല. തനിച്ച് യാത്ര ചെയ്യുന്നവർക്ക് ടി.ടി.ഇയുടെയോ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയോ സഹയാത്രികരുടെയോ ഫോൺ ഉപയോഗിച്ച് പരാതി നൽകാവുന്നതാണ്.

ഈ സേവനം വേഗത്തിലാക്കാൻ സ്വന്തം ഫോണിന്റെ 15 അക്ക IMEI നമ്പർ ഡയറിയിലോ ക്ലൗഡ് സ്റ്റോറേജിലോ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് റെയിൽവേ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈ-കൊച്ചി-തിരുവനന്തപുരം അതിവേഗ പാതകളെക്കുറിച്ചുള്ള സാധ്യതാ പഠനത്തിന് സർക്കാർ ഒരുങ്ങുന്നതിനിടെയാണ് യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനുമായി റെയിൽവേ പുതിയ ഡിജിറ്റൽ ചുവടുവെപ്പ് നടത്തുന്നത്.

മുമ്പ് ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള റെയിൽവേ പൊലീസ് സ്റ്റേഷനിൽ (GRP) എത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമായിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ റെയിൽ മദദ് പോർട്ടലിനെ ടെലികോം വകുപ്പിന്റെ സഞ്ചാർ സാഥി പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ട സാധനങ്ങൾ ഉടമസ്ഥർക്ക് തിരികെ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഫോണിൽ പുതിയ സിം കാർഡ് ഇടാൻ ശ്രമിച്ചാൽ ഉടൻ തന്നെ സൈബർ സെല്ലിന് വിവരം ലഭിക്കും. ഇത് ഫോൺ എവിടെയാണെന്ന് കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും സഹായിക്കുന്നു.

യാത്ര ചെയ്യുന്ന ട്രെയിൻ, പി.എൻ.ആർ (PNR) നമ്പർ, ഫോൺ നഷ്ടപ്പെട്ട ഏകദേശ സ്ഥലം എന്നിവ നൽകുക. ഫോൺ തിരികെ ലഭിക്കുകയാണെങ്കിൽ CEIR പോർട്ടൽ വഴി തന്നെ യാത്രക്കാരന് അത് അൺബ്ലോക്ക് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയിൽവേയിൽ ഈ സംവിധാനം വഴി ഇതിനകം തന്നെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350542/lost-your-phone-during-a-train-journey-no-need-to-go-to-the-station-to-file-a-complaint-railways-new-change)