---
title: "'എണ്ണ പിടിച്ചെടുക്കലാണ് എനിക്കിഷ്ടം'; ഇറാനെ മുട്ടുകുത്തിക്കാൻ ഖാർഗ് പിടിച്ചെടുക്കാൻ ട്രംപിന്റെ മാസ്റ്റർ പ്ലാൻ"
english_title: "Trump's master plan to capture Kharg to bring Iran to its knees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350530/trumps-master-plan-to-capture-kharg-to-bring-iran-to-its-knees"
published_at: "2026-03-30T09:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9f4ed67ba2_1.jpg"
keywords: []
---

# 'എണ്ണ പിടിച്ചെടുക്കലാണ് എനിക്കിഷ്ടം'; ഇറാനെ മുട്ടുകുത്തിക്കാൻ ഖാർഗ് പിടിച്ചെടുക്കാൻ ട്രംപിന്റെ മാസ്റ്റർ പ്ലാൻ

> **Lead Summary:** **വാഷിങ്ടൺ: [ **പശ്ചിമേഷ്യൻ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കവെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ സ്രോതസുകൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

**വാഷിങ്ടൺ: [ **പശ്ചിമേഷ്യൻ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കവെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ സ്രോതസുകൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്.

ഇറാന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ്, ഇറാന്റെ എണ്ണ സമ്പത്ത് പിടിച്ചെടുക്കുന്നത് നിലവിൽ തന്റെ പ്രിയപ്പെട്ട വിഷയമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്.

ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കാൻ ഇറാനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിന്മേൽ ഉപരോധം ഏർപ്പെടുത്താനോ അല്ലെങ്കിൽ നേരിട്ട് അധിനിവേശം നടത്താനോ ആണ് യുഎസ് ആലോചിക്കുന്നത്.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും അമേരിക്കയ്ക്ക് മുന്നിൽ നിരവധി മാർഗങ്ങൾ തുറന്നു കിടക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ഇത്തരമൊരു നീക്കം നടത്തിയാൽ അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും അതിനാൽ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നത് സൈന്യത്തിന് വളരെ എളുപ്പമുള്ള കാര്യമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. വെനസ്വേലയിലെ എണ്ണ വ്യവസായത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ സ്വീകരിച്ചതിന് സമാനമായ തന്ത്രങ്ങൾ ഇറാനിലും പയറ്റാനാണ് യുഎസ് നീക്കം.

തീരത്തുനിന്ന് 24 കിലോമീറ്റർ മാത്രം അകലെയുള്ള ഖാർഗ് ദ്വീപ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണ്. ആഴക്കടൽ സൗകര്യങ്ങളുള്ള ഈ ദ്വീപിലൂടെയാണ് ഇറാന്റെ ഭൂരിഭാഗം എണ്ണ ടാങ്കറുകളും അന്താരാഷ്ട്ര വിപണിയിലേക്ക് നീങ്ങുന്നത്.

സ്പെഷ്യൽ ഫോഴ്സിനെയും സാധാരണ സൈന്യത്തെയും ഉപയോഗിച്ച് ഒരു പരിമിത യുദ്ധത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്. ഈ നീക്കം യാഥാർത്ഥ്യമായാൽ അത് ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റത്തിനും വിതരണ തടസ്സത്തിനും കാരണമായേക്കുമെന്ന ആശങ്കയും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350530/trumps-master-plan-to-capture-kharg-to-bring-iran-to-its-knees)