---
title: "കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചു; വീട്ടമ്മയെ കൊന്ന് ചാക്കിലാക്കി, മുൻ വീട്ടുജോലിക്കാരിയും സഹായിയും പിടിയിൽ"
english_title: "housewife killed by former maid after demanding return of borrowed gold and money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350498/housewife-killed-by-former-maid-after-demanding-return-of-borrowed-gold-and-money"
published_at: "2026-03-29T22:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c954910ea3d_crime_arrest.jpg"
keywords: []
---

# കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചു; വീട്ടമ്മയെ കൊന്ന് ചാക്കിലാക്കി, മുൻ വീട്ടുജോലിക്കാരിയും സഹായിയും പിടിയിൽ

> **Lead Summary:** **അഹമ്മദാബാദ്: ( **[www.truevisionnews.com]** ) ** വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മുൻ വീട്ടുജോലിക്കാരിയും സഹായിയും പിടിയിലായി. ഗുജറാത്തിലെ പാലൻപുർ സ്വദേശിനിയായ ശാന്തിബെൻ അഖേഡിവാലയെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ വീട്ടിൽ മുൻപ് ജോലിക്കുനിന്നിരുന്ന രേഖ റാത്തോഡിനെയും കൃത്യത്തിൽ പങ്കാളിയായ മറ്റൊരാളെയും പോലീസ് അറസ്റ്റ്‌ചെയ്തത്. രേഖയുടെ ഭർത്താവടക്കം മൂന്നുപേർകൂടി കേസിൽ പ്രതികളാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

## Article Content

**അഹമ്മദാബാദ്: ( **[www.truevisionnews.com]** ) ** വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മുൻ വീട്ടുജോലിക്കാരിയും സഹായിയും പിടിയിലായി. ഗുജറാത്തിലെ പാലൻപുർ സ്വദേശിനിയായ ശാന്തിബെൻ അഖേഡിവാലയെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ വീട്ടിൽ മുൻപ് ജോലിക്കുനിന്നിരുന്ന രേഖ റാത്തോഡിനെയും കൃത്യത്തിൽ പങ്കാളിയായ മറ്റൊരാളെയും പോലീസ് അറസ്റ്റ്‌ചെയ്തത്. രേഖയുടെ ഭർത്താവടക്കം മൂന്നുപേർകൂടി കേസിൽ പ്രതികളാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മാർച്ച് 22-ാം തീയതി മുതൽ കാണാതായ ശാന്തിബെന്നിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് പോലീസ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. ശാന്തിബെന്നിനെ കാണാതായത് മുതൽ പോലീസ് ഇവർക്കായി അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് മുൻ വീട്ടുജോലിക്കാരിയായ രേഖ റാത്തോഡിനെ മാർച്ച് 22-ാം തീയതി ശാന്തിബെൻ നേരിട്ടുകണ്ടതായി വ്യക്തമായത്. ഇതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാവുകയും ശാന്തിബെൻ കൊല്ലപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ രേഖ നേരത്തേ ശാന്തിബെന്നിന്റെ വീട്ടുജോലിക്കാരിയായിരുന്നു. കഴിഞ്ഞ 15 വർഷമായി ശാന്തിബെന്നിന്റെ കുടുംബവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. വീട്ടുജോലിക്കാരിയായിരുന്ന രേഖ പിന്നീട് സ്വന്തമായി ഫർണീച്ചർ ബിസിനസ് ആരംഭിച്ചു. ഈ സമയത്ത് ശാന്തിബെൻ രേഖയ്ക്ക് കടമായി പണവും സ്വർണവും നൽകി സഹായിച്ചിരുന്നു. 790 ഗ്രാം സ്വർണവും രണ്ടുലക്ഷം രൂപ പണമായും കടം നൽകിയാണ് ശാന്തിബെൻ രേഖയെ സഹായിച്ചത്. എന്നാൽ, പിന്നീട് ശാന്തിബെൻ പണവും സ്വർണവും തിരികെ ചോദിച്ചെങ്കിലും രേഖ ഇത് തിരികെ നൽകിയില്ല. തുടർന്നാണ് പ്രതികൾ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.

മാർച്ച് 22-ന് നേരിട്ടുകണ്ട് സംസാരിക്കാമെന്ന് പറഞ്ഞാണ് രേഖ ശാന്തിബെന്നിനെ ഫർണീച്ചർ ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി. ശേഷം, രേഖയും ഭർത്താവും രണ്ടുകൂട്ടാളികളും ചേർന്ന് കഴുത്തുഞെരിച്ച് ശാന്തിബെന്നിനെ കൊലപ്പെടുത്തി. ബൈക്കിൽ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. ശാന്തിബെൻ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ഒരു ചാക്കിലാക്കി. തുടർന്ന് പാലൻപൂരിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350498/housewife-killed-by-former-maid-after-demanding-return-of-borrowed-gold-and-money)