---
title: "ലൈസൻസ് കാലാവധി കഴിഞ്ഞാലും പേടിക്കേണ്ട; 30 ദിവസം കൂടി ഉപയോഗിക്കാം, മോട്ടോർ വാഹന നിയമത്തിൽ വൻ മാറ്റങ്ങൾ"
english_title: "You can use the license for another 30 days even after it expires."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350444/you-can-use-the-license-for-another-30-days-even-after-it-expires"
published_at: "2026-03-29T15:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8f69e9d2ba_20.jpg"
keywords: []
---

# ലൈസൻസ് കാലാവധി കഴിഞ്ഞാലും പേടിക്കേണ്ട; 30 ദിവസം കൂടി ഉപയോഗിക്കാം, മോട്ടോർ വാഹന നിയമത്തിൽ വൻ മാറ്റങ്ങൾ

> **Lead Summary:** ന്യൂഡൽഹി: **[ **കേന്ദ്ര സർക്കാരിന്റെ പുതിയ 'ജൻ വിശ്വാസ്' ഭേദഗതി ബില്ലിലൂടെ മോട്ടോർ വാഹന നിയമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും 30 ദിവസം വരെ അത് നിയമപരമായി ഉപയോഗിക്കാമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭേദഗതി.

## Article Content

ന്യൂഡൽഹി: **[ **കേന്ദ്ര സർക്കാരിന്റെ പുതിയ 'ജൻ വിശ്വാസ്' ഭേദഗതി ബില്ലിലൂടെ മോട്ടോർ വാഹന നിയമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും 30 ദിവസം വരെ അത് നിയമപരമായി ഉപയോഗിക്കാമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭേദഗതി.

ഈ കാലയളവിനുള്ളിൽ ലൈസൻസ് പുതുക്കുന്നതിന് അധിക ഫീസ് നൽകേണ്ടതില്ല എന്ന ആശ്വാസകരമായ തീരുമാനവും ഇതിലുണ്ട്. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപേ പുതുക്കാൻ അപേക്ഷ നൽകിയാൽ, കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ ലൈസൻസിന് പ്രാബല്യം ലഭിക്കും.

എന്നാൽ കാലാവധിക്ക് ശേഷമാണ് പുതുക്കുന്നതെങ്കിൽ അപേക്ഷിക്കുന്ന തീയതി മുതലായിരിക്കും ലൈസൻസ് നിലവിൽ വരിക. വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ അവതരിപ്പിച്ച ഈ ബില്ലിൽ മോട്ടോർ വാഹന നിയമത്തിലെ മാത്രം 20 ഭേദഗതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ 23 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലായി ആകെ 784 മാറ്റങ്ങളാണ് ജൻ വിശ്വാസ് ബില്ലിലൂടെ കൊണ്ടുവരുന്നത്. നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ശിക്ഷ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം.

വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനുമായി കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് പിഴകൾ പരിഷ്കരിക്കുമെന്നും അപ്പീൽ അതോറിറ്റികൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ട ബിൽ, അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ പുനരവതരിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350444/you-can-use-the-license-for-another-30-days-even-after-it-expires)