പാലക്കാട്: ( www.truevisionnews.com ) എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎയ്ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാങ്ങളിലും ഇന്ത്യാ സഖ്യമുണ്ട്. കേരളത്തിൽ മാത്രം പരസ്പരം മത്സരിക്കുന്ന ഇവരെ ജനങ്ങൾ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തെ വികസന ഭൂമിയായി മാറ്റുക എന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ കേരളത്തിനു നൽകിയത്തിന്റെ അഞ്ചിരട്ടി ബിജെപി സർക്കാർ നൽകി. സകല മേഖലകളിലും ഫണ്ട് അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഇതു ശരിയായി വിനിയോഗിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കേരളം ഇന്ന് അഞ്ച് ലക്ഷം കോടി രൂപയുടെ കടം കയറിയ അവസ്ഥയിലാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കടം മൂന്നിരട്ടിയിലധികമായി. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി എന്ന് ചോദിച്ചാല്‍ എല്‍ഡിഎഫ് നേതാക്കളുടെ കീശയില്‍പ്പോയി എന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ അഴിമതിക്കാർ മോഷ്ടിച്ച പണം തിരികെ പിടിക്കും. ഈ പണം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്ന് മോദി പറഞ്ഞു.
കേരളം പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സ്ഥലമാണ്. എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. എന്നാൽ തൊഴിൽ, വിദ്യാഭ്യാസ രംഗം പരാജയമാണ്. ഇവിടത്തെ യുവാക്കൾ പാലായനം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും എവിടെയെല്ലാം അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ച് പോയിട്ടെയുള്ളൂവെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇവരുടെ ചക്രവ്യൂഹത്തില്‍ കേരളത്തിലെ ജനങ്ങളും പെട്ടുപോയെന്ന് അദേഹം പറഞ്ഞു.
പാലക്കാട് അഞ്ച് പതിറ്റാണ്ട് കോൺഗ്രസിന്റെ ജനപ്രതിനിധി ഉണ്ടായിട്ട് ഒരു വികസനവും വന്നില്ല. ബിജെപി സർക്കാർ കേന്ദ്രം ഭരിക്കാൻ തുടങ്ങിയതോടെ നിരവധി വികസങ്ങൾ പാലക്കാട്ടേക്ക് നൽകി. ഐഐടി, വ്യവസായ ഇടനാഴി എന്നിവ ഉൾപ്പെടെ പാലക്കാട് എത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ മങ്കൂട്ടത്തിൽ കേസ് പരാമർശിച്ച് മോദി കോൺഗ്രസിനെ വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ മഹിളകളെ ആക്രമിക്കുന്നു. മഹിളകളെ പീഡിപ്പിക്കുന്ന കോൺഗ്രസ് നേതാക്കളെ സൂക്ഷിക്കണമെന്നും അദേഹം പറഞ്ഞു.
Content Highlight: Kerala is on the path of change Palakkad is the gateway to Kerala for BJP Prime Minister Narendra Modi






























