---
title: "ഇത് ജയിലോ അതോ റിസോർട്ടോ? പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ നെറ്റ്ഫ്ലിക്സ് കാണുന്നതിന്റെയും ഫോൺ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്, മൂന്നുപേർക്ക് സസ്പെൻഷൻ"
english_title: "Footage of prisoners watching Netflix and using phones in Parappana Agrahara Jail surfaced, three suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350437/footage-of-prisoners-watching-netflix-and-using-phones-in-parappana-agrahara-jail-surfaced-three-suspended"
published_at: "2026-03-29T14:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8efb8cbc58_using_phones_in_Parappana_Agrahara_Jail_surfaced.jpg"
keywords: []
---

# ഇത് ജയിലോ അതോ റിസോർട്ടോ? പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ നെറ്റ്ഫ്ലിക്സ് കാണുന്നതിന്റെയും ഫോൺ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്, മൂന്നുപേർക്ക് സസ്പെൻഷൻ

> **Lead Summary:** ബംഗളൂരു: കർണാടകയിലെ അതീവ സുരക്ഷാ ജയിലായ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ഞെട്ടിക്കുന്ന നിയമലംഘന ദൃശ്യങ്ങൾ പുറത്ത്. തടവുകാർ സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തടവുകാർ യഥേഷ്ടം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ജയിലിനുള്ളിലെ ടെലിവിഷനിൽ നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

## Article Content

ബംഗളൂരു: കർണാടകയിലെ അതീവ സുരക്ഷാ ജയിലായ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ഞെട്ടിക്കുന്ന നിയമലംഘന ദൃശ്യങ്ങൾ പുറത്ത്. തടവുകാർ സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തടവുകാർ യഥേഷ്ടം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ജയിലിനുള്ളിലെ ടെലിവിഷനിൽ നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

കൂടാതെ, തടവുകാർ ഒത്തുകൂടി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജയിൽ നിയമങ്ങൾ കാറ്റിൽ പറത്തി തടവുകാർക്ക് ഇത്രയധികം സൗകര്യങ്ങൾ എങ്ങനെ ലഭിക്കുന്നു എന്നത് ജയിൽ അധികൃതരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടരവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തടവുകാരാണ് മാർച്ച് 27ന് വിഡിയോ റെക്കോഡ് ചെയ്തതെന്നാണ് സൂചന. ജയിലിന് പുറത്തുള്ള ബന്ധുക്കൾക്ക് രഹസ്യമായി അയച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ പ്രചരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

സംഭവത്തെത്തുടർന്ന് വീഡിയോയിൽ കാണുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജയിലിലെ മൂന്ന് വാർഡൻമാരെ സസ്‌പെൻഡ് ചെയ്തു. ശിവാനന്ദ് കരലബട്ടി, നിരഞ്ജൻ എ കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

പതിവ് പരിശോധനകളിൽനിന്ന് രക്ഷപ്പെടുന്നതിനായി ടോയ്‍ലറ്റ് ​ബ്ലോക്കിന് സമീപത്തെ ഭൂഗർഭ പൈപ് ലൈനിലാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ ജയിൽ ജീവനക്കാർ ഉൾപ്പെടെ കൂടു​തൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അതേസമയം ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ പ്രത്യക്ഷപ്പെട്ടതിലൂടെ ഈ ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350437/footage-of-prisoners-watching-netflix-and-using-phones-in-parappana-agrahara-jail-surfaced-three-suspended)