---
title: "വടിവാളുമായി വീട്ടിൽ അഴിഞ്ഞാട്ടം; കൊല്ലത്ത് കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ആക്രമണം, ലക്ഷങ്ങളുടെ നഷ്ടം"
english_title: "A group of attackers armed with deadly weapons attacked and destroyed a house in Kollam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350435/a-group-of-attackers-armed-with-deadly-weapons-attacked-and-destroyed-a-house-in-kollam"
published_at: "2026-03-29T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8ee4bf201c_18.jpg"
keywords: []
---

# വടിവാളുമായി വീട്ടിൽ അഴിഞ്ഞാട്ടം; കൊല്ലത്ത് കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ആക്രമണം, ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** **കൊല്ലം: [ **ശൂരനാട് വടക്ക് പാറക്കടവിൽ വ്യാഴാഴ്ച രാത്രി ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ഭീകരാന്തരീക്ഷത്തിനിടയിൽ ഒരു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം നടന്നു. ചിറപ്പാട് അഖിലാലയത്തിൽ അജിത്തിന്റെ വീടിനുനേരെ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് അഴിഞ്ഞാടിയത്.

## Article Content

**കൊല്ലം: [ **ശൂരനാട് വടക്ക് പാറക്കടവിൽ വ്യാഴാഴ്ച രാത്രി ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ഭീകരാന്തരീക്ഷത്തിനിടയിൽ ഒരു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം നടന്നു. ചിറപ്പാട് അഖിലാലയത്തിൽ അജിത്തിന്റെ വീടിനുനേരെ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് അഴിഞ്ഞാടിയത്.

രാത്രി 11 മണിയോടെ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വടിവാളും വെട്ടുകത്തിയുമായി അക്രമികൾ വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണത്തിൽ അജിത്ത്, അമ്മ ഗൗരിക്കുട്ടി, മക്കളായ അഭിജിത്ത്, അഖില എന്നിവർക്ക് മർദനമേൽക്കുകയും ചെയ്തു.

കുട്ടികളോട് സംഘം വളരെ മോശമായാണ് പെരുമാറിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിനുള്ളിലെ ടിവി, ഫ്രിഡ്ജ്, ഫർണിച്ചറുകൾ, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം തല്ലിത്തകർക്കുകയും തടി അലമാരകൾ വെട്ടിപ്പൊളിക്കുകയും ചെയ്ത അക്രമികൾ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.

വീടിന് പുറത്തുണ്ടായിരുന്ന ബുള്ളറ്റ് ഉൾപ്പെടെയുള്ള വാഹനങ്ങളും ജനാലകളും പൂർണ്ണമായും തകർക്കപ്പെട്ടു. പാതിരിക്കൽ സ്വദേശിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപ് ആനയടി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക സൂചന.

സംഭവസ്ഥലത്തെത്തിയ ശൂരനാട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350435/a-group-of-attackers-armed-with-deadly-weapons-attacked-and-destroyed-a-house-in-kollam)