---
title: "'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്"
english_title: "m swaraj criticism congress mundakkai chooralmala rehabilitation controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350421/m-swaraj-criticism-congress-mundakkai-chooralmala-rehabilitation-controversy"
published_at: "2026-03-29T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8e26e7e85e_m_swaraj.jpg"
keywords: []
---

# 'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്

> **Lead Summary:** **തിരുവനന്തപുരം: **) മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. കോൺഗ്രസ് ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് മോഷ്‌ടിക്കുന്നുവെന്നും രാഷ്ട്രീയക്കാർക്കിടയിലെ ശവംതൂക്കുകാരാണ് കോൺഗ്രസുകാർ എന്നും സ്വരാജ് പറഞ്ഞു. കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും കോൺഗ്രസ് ഭവനപദ്ധതികളുടെ നിർമാണം ആരംഭിക്കാൻ കഴിയാത്തതിനെതിരെയായിരുന്നു സ്വരാജിൻ്റെ വിമർശനം.

## Article Content

**തിരുവനന്തപുരം: **) മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. കോൺഗ്രസ് ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് മോഷ്‌ടിക്കുന്നുവെന്നും രാഷ്ട്രീയക്കാർക്കിടയിലെ ശവംതൂക്കുകാരാണ് കോൺഗ്രസുകാർ എന്നും സ്വരാജ് പറഞ്ഞു. കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും കോൺഗ്രസ് ഭവനപദ്ധതികളുടെ നിർമാണം ആരംഭിക്കാൻ കഴിയാത്തതിനെതിരെയായിരുന്നു സ്വരാജിൻ്റെ വിമർശനം.

കോൺഗ്രസിന്റെ വീടുകൾ പണിയാൻ ഇപ്പോൾ വാങ്ങിയ സ്ഥലം മതിയാകുമോ എന്നും സ്വരാജ് ചോദിച്ചു. കോൺഗ്രസ് വീടുകളുടെ പണിതുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ കെട്ടിട നിർമാണത്തിന് അനുമതി തേടി അപേക്ഷ പോലും നൽകിയിട്ടില്ല. സർക്കാർ ഭൂമി നൽകാത്തതാണ് നിർമാണം വൈകാൻ കാരണം എന്ന് സതീശൻ പറയുന്നു. എന്നാൽ ഒരാളും സർക്കാരിനോട് സ്ഥലം ചോദിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പണം പിരിച്ച് മോഷ്‌ടിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.

മോഷ്ടാക്കൾക്കിടയിലും ചില ധാർമികതകൾ ഉണ്ട്. മരിച്ചു കിടക്കുന്നവരുടെ സ്വത്ത് അവർ മോഷ്ടിക്കില്ല. എന്നാൽ മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല എന്നും സ്വരാജ് പറഞ്ഞു. യുഡിഎഫ് പോസ്റ്ററുകളിലെ സ്ഥാനാർത്ഥികളുടെ ചിരിക്ക് പിന്നിൽ വയനാട്ടിലെ അമ്മമാരുടെ കണ്ണീരുണ്ട്. എത്ര രൂപയാണ് പിരിച്ചത്, ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചത് എന്നതെല്ലാം കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തണം. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിൽ പണമുണ്ടെന്ന വാദം കള്ളമാണെന്നും സ്വരാജ് പറഞ്ഞു.

വയനാട് ഫണ്ട് കോൺഗ്രസ് തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന ഗുരുതര ആരോപണവും സ്വരാജ് ഉന്നയിച്ചു. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. എസ്ഡിപിഐ ഡീൽ വിവാദത്തിൽ ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ടതില്ല എന്നതാണ് നിലപാട് എന്നാണ് സ്വരാജ് പറഞ്ഞത്. എസ്ഡിപിഐ ബന്ധം കെട്ടുകഥ മാത്രമാണെന്ന് ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതാക്കളുടെ ആവശ്യപ്രകാരമാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരത്തിൽ നിന്ന് പിന്മാറിയത്. എസ്ഡിപിഐയുമായി എൽഡിഎഫിന് ഒരു നീക്കുപോക്കും ഇല്ല എന്നും സ്വരാജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350421/m-swaraj-criticism-congress-mundakkai-chooralmala-rehabilitation-controversy)