---
title: "വിവാഹ ഫോട്ടോഗ്രഫിയിൽ വീഴ്ച; ദമ്പതികൾക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്"
english_title: "Wedding photography lapse; Order to pay Rs 2.5 lakh compensation to couple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350420/wedding-photography-lapse-order-to-pay-rs-25-lakh-compensation-to-couple"
published_at: "2026-03-29T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8df38ca77c_Wedding_photography_lapse;_Order_to_pay_Rs_2.5_lakh_compensation_to_couple.jpg"
keywords: []
---

# വിവാഹ ഫോട്ടോഗ്രഫിയിൽ വീഴ്ച; ദമ്പതികൾക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

> **Lead Summary:** കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കായി വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനം ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പൊൻകുന്നം സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചൻ, ഡോ. കാവ്യ സന്തോഷ് എന്നിവരുടെ പരാതിയിലാണ് കൊച്ചിയിലെ 'പിക്കോളോ വെഡിങ്' എന്ന സ്ഥാപനത്തിനെതിരെ നടപടി.

## Article Content

കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കായി വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനം ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പൊൻകുന്നം സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചൻ, ഡോ. കാവ്യ സന്തോഷ് എന്നിവരുടെ പരാതിയിലാണ് കൊച്ചിയിലെ 'പിക്കോളോ വെഡിങ്' എന്ന സ്ഥാപനത്തിനെതിരെ നടപടി.

രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായും, മുൻകൂറായി കൈപ്പറ്റിയ 80,000 രൂപയും പരാതിക്കാർക്ക് തിരികെ നൽകണം. ഇതിനു പുറമെ കോടതി ചെലവിനായി 10,000 രൂപയും ദമ്പതികൾക്ക് നൽകാൻ കമ്മീഷൻ വിധിച്ചു. കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകാതെ ഉപഭോക്താവിനെ വഞ്ചിക്കുന്നത് സേവനത്തിലെ പോരായ്മയാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ ഈ കർശന നടപടി.

2024 മേയ് 19 നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിങ്ങിന്‍റെ 95000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉള്‍പ്പെടെ പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡിങ്ങിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കമീഷന്റെ നടപടി. കമീഷന്‍ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350420/wedding-photography-lapse-order-to-pay-rs-25-lakh-compensation-to-couple)