---
title: "ഡേറ്റിങ് ആപ്പിൽ സൗഹൃദം, പിന്നീട് കൊള്ളയടിക്കും; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്ന സംഘം പിടിയിൽ"
english_title: "Gang arrested for kidnapping youth and robbing him of Rs 7 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350386/gang-arrested-for-kidnapping-youth-and-robbing-him-of-rs-7-lakh"
published_at: "2026-03-29T10:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8b04a5e8c2_Gang_arrested_for_kidnapping_youth_and_robbing_him_of_Rs_7_lakh.jpg"
keywords: []
---

# ഡേറ്റിങ് ആപ്പിൽ സൗഹൃദം, പിന്നീട് കൊള്ളയടിക്കും; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്ന സംഘം പിടിയിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ ഡേറ്റിങ് ആപ്പുകൾ വഴി ആളുകളെ കെണിയിൽപ്പെടുത്തി പണം കൊള്ളയടിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കൽക്കാജി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. ഒരു യുവാവിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മണിക്കൂറുകൾക്കകമാണ് യുവതി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് വലയിലാക്കിയത്. ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ആളുകളെ നേരിട്ട് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ ഡേറ്റിങ് ആപ്പുകൾ വഴി ആളുകളെ കെണിയിൽപ്പെടുത്തി പണം കൊള്ളയടിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കൽക്കാജി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. ഒരു യുവാവിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മണിക്കൂറുകൾക്കകമാണ് യുവതി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് വലയിലാക്കിയത്. ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ആളുകളെ നേരിട്ട് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. യുവാവായ അനുരൂപ് നരുലയാണ് തട്ടിപ്പിന് ഇരയായത്. ‘3F’ എന്ന ഡേറ്റിങ് ആപ്പിൽ ‘ഷെറി’ എന്ന പേരിൽ ഒരു​ പെൺകുട്ടി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് ഡൽഹിയിലെ നെഹ്റു പ്ലേസ് ഏരിയയിൽവെച്ച് നേരിട്ട് കാണാമെന്ന് അറിയിച്ചു. സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് അനുരൂപ് നരുല പറയുന്നു.

തുടർന്ന് അനുരൂപിനെ ഇവർ ഭീഷണിപ്പെടുത്തി. ശ്വാസം മുട്ടിച്ച് ബോധം കെടുത്താൻ ശ്രമിച്ചു. യു.പി.ഐ, എ.ടി.എം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഏകദേശം ഏഴുലക്ഷം രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നിർബന്ധിതമായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കവർച്ചക്ക് ശേഷം നെഹ്റു പ്ലേസിൽതന്നെ തിരികെ എത്തിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു.

തുടർന്ന് അനുരൂപ് ഡൽഹി പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് കമീഷണർ രത്തൻ ലാലിന്റെയും ഇൻസ്പെക്ടർ ആർ.എസ് ഡാഗറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, ഡിജിറ്റൽ ഇടപാട് ഡാറ്റ എന്നിവ വിശകലനം ചെയ്താണ് പ്രതികളെ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ റെയ്ഡിനിടെ ഋഷഭ് രാഘവിനെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളായ നവോജിത്, സാഹിൽ, ജോയ് എന്ന സഞ്ജയ്, ജെന്നി എന്ന ഹർലീൻ കൗർ എന്നിവരെ മാളവ്യ നഗറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഡേറ്റിങ് ആപ്പുവഴി ആളുകളെ കണ്ടെത്തുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിച്ച് കൊള്ളയടിക്കുകയുമാണ് ചെയ്യുകയെന്ന് ​പ്രതികൾ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും ഡൽഹി പൊലീസ് കണ്ടെടുത്തു. കൊള്ളയടിച്ച പണത്തെയും ബാങ്ക് ഇടപാടുകളെയും കുറിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350386/gang-arrested-for-kidnapping-youth-and-robbing-him-of-rs-7-lakh)