---
title: "മാപ്പ് എഴുതി നൽകി; കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുക്കും"
english_title: "congress will be reinstated in lali james"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350382/congress-will-be-reinstated-in-lali-james"
published_at: "2026-03-29T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8ad81436f2_lali_james.jpg"
keywords: []
---

# മാപ്പ് എഴുതി നൽകി; കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച ലാലി ജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുക്കും

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** )** കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ തിരിച്ചെടുക്കും.ഇതിന്റെ ഭാഗമായി ലാലി ജെയിംസ് പാർട്ടിക്ക് മാപ്പ് എഴുതി നൽകി. വോട്ടെടുപ്പിന് മുമ്പ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം. തൃശൂരിൽ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതിൽ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു

## Article Content

**തൃശൂർ: ( **[www.truevisionnews.com]** )** കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ തിരിച്ചെടുക്കും.ഇതിന്റെ ഭാഗമായി ലാലി ജെയിംസ് പാർട്ടിക്ക് മാപ്പ് എഴുതി നൽകി. വോട്ടെടുപ്പിന് മുമ്പ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം. തൃശൂരിൽ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതിൽ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു

താൻ ഉൾപ്പെടെയുള്ള മുതിർന്ന കൗൺസിലർമാരെ തഴഞ്ഞ് ആദ്യതവണ കോർപ്പറേഷനിലേക്ക് ജയിച്ച ഡോ.നിജി ജസ്റ്റിനെ മേയർ ആക്കിയതോടെയാണ് ലാലി ജെയിംസ് ഇടഞ്ഞത്. മേയർ പദവി നൽകിയത് പണം ഇടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും ലാലി ആരോപിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പണം ആവശ്യപ്പെട്ടുവെന്നും ലാലി ആരോപിച്ചു.

ഇതിന് പിറകെ ലാലിയെ പാർട്ടി സസ്പെൻഡ് ചെയ്തു. തൃശൂരിൽ തെരഞ്ഞെടുപ്പ് ചൂട് കടുത്തിരിക്കെ ലാലിജെയിംസ് ഉൾപ്പെടെ അതൃപ്തിയുള്ള നേതാക്കളെ കൂടെ നിർത്താനാണ് പാർട്ടിയുടെ ശ്രമം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ തിരിച്ചടി ഉണ്ടാവുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കാൻ യുഡിഎഫ് ലക്ഷമിടുന്നു. ഇതിന്റെ ഭാഗമായാണ് ലാലിജെയിംസിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നത്.

സസ്പെൻഷൻ പിൻവലിക്കുന്നതിന്‍റെ ഭാഗമായി ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നൽകി. കെപിസിസി നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന്റെ പ്രചാരണത്തിൽ സജീവമാകാൻ പാർട്ടി ലാലി ജെയിംസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ലാലി ജെയിംസ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു. പാർട്ടിയിൽ തിരിച്ചെത്തുന്ന ലാലിക്ക് ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം നൽകുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350382/congress-will-be-reinstated-in-lali-james)