---
title: "'കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ; രാഷ്ട്രീയ പ്രസ്ഥാനം ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന്' -കുറിപ്പുമായി കെ സി വേണുഗോപാൽ"
english_title: "AICC General Secretary K C Venugopal posts a social media post about K Sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350370/aicc-general-secretary-k-c-venugopal-posts-a-social-media-post-about-k-sudhakaran"
published_at: "2026-03-29T08:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c89ca091bb1_kc_venugopal.jpg"
keywords: []
---

# 'കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ; രാഷ്ട്രീയ പ്രസ്ഥാനം ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന്' -കുറിപ്പുമായി കെ സി വേണുഗോപാൽ

> **Lead Summary:** **ദില്ലി: ** മുൻ കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരൻ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെ വൈകാരിക സാമൂഹ്യമാധ്യമ കുറിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കെ സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നും എക്കാലവും കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണന്നും പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും കെ സി വേണുഗോപാൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

## Article Content

**ദില്ലി: ** മുൻ കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരൻ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെ വൈകാരിക സാമൂഹ്യമാധ്യമ കുറിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കെ സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നും എക്കാലവും കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണന്നും പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും കെ സി വേണുഗോപാൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്‍റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ എന്നും കൂടിക്കാഴ്ച വ്യക്തമാക്കുന്നതായി കെ സി വേണുഗോപാൽ എംപി പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം**

***കെ സുധാകരൻ ഇന്ന് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽഗാന്ധിയെയും നേരിൽ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അനാവശ്യ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച.***

***എന്നും അടിയുറച്ച കോൺഗ്രസുകാരനാണ് കെ സുധാകരൻ. അദ്ദേഹത്തിൻറെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണ്. പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിൻറെ ഇന്നത്തെ സന്ദർശനം.***

***ഈ ദിവസങ്ങളിൽ സുധാകരനോട് സംസാരിച്ചപ്പോൾ ഞാൻ തൊട്ടറിഞ്ഞതാണ് വാർത്തകൾ പൊള്ളിച്ച ആ നെഞ്ചിലെ ചൂട്. മുൻപെന്നെത്തേയുമെന്ന പോലെ പാർട്ടി അദ്ദേഹത്തിൻ്റെ സേവനങ്ങളെ മുതൽകൂട്ടായാണ് കാണുന്നത്. നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിനും കരുതലിനും ഖാർഗേജിയെയും രാഹുൽജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. മരണം വരെ കെ സുധാകരൻ അടിമുടി കോൺഗ്രസായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് കെ സുധാകരൻ.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350370/aicc-general-secretary-k-c-venugopal-posts-a-social-media-post-about-k-sudhakaran)