---
title: "'ഇത് എനിക്ക് സന്തോഷവാർത്തയാണ്', 'നിർത്താതെ കരഞ്ഞതിൽ ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു"
english_title: "Mother suffocates six-month-old baby to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350354/mother-suffocates-six-month-old-baby-to-death"
published_at: "2026-03-28T22:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c80d2a84098_crime.jpg"
keywords: []
---

# 'ഇത് എനിക്ക് സന്തോഷവാർത്തയാണ്', 'നിർത്താതെ കരഞ്ഞതിൽ ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

> **Lead Summary:** **തിരുപ്പതി: ( **[www.truevisionnews.com]** ) **കരച്ചിൽ നിർത്താത്തതിലുള്ള പ്രകോപനത്തെത്തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മ. തമിഴ്നാട്ടിലെ തിരുപ്പതി ജില്ലയിൽ സത്യവേദുവിലാണ് സംഭവം. ക്രൂരകൃത്യത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ഹേമാവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുപ്പതി: ( **[www.truevisionnews.com]** ) **കരച്ചിൽ നിർത്താത്തതിലുള്ള പ്രകോപനത്തെത്തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മ. തമിഴ്നാട്ടിലെ തിരുപ്പതി ജില്ലയിൽ സത്യവേദുവിലാണ് സംഭവം. ക്രൂരകൃത്യത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ഹേമാവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് വെങ്കിടേഷിനും രണ്ട് കുട്ടികൾക്കുമൊപ്പം വാടക വീട്ടിലാണ് ഹേമാവതി താമസിച്ചിരുന്നത്. ജോലി തേടിയാണ് ഇവർ ഏഴ് മാസം മുമ്പ് തിരുപ്പതിയിലെ എൻ.ആർ അഗ്രഹാരത്തിൽ എത്തിയത്. കൊമാട്ടിഗുണ്ടയിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്ത് വരികയാണ് വെങ്കിടേഷ്. അഞ്ച് വയസുള്ള ഒരു മകനും ആറുമാസം പ്രായമായ മകൾ ജോഷികയുമാണ് ഇവർക്കുള്ളത്.

വ്യാഴാഴ്ച പുലർച്ചെ ആറുമണിക്കാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. വിശപ്പ് കാരണം കുഞ്ഞ് കരയാൻ തുടങ്ങിയതോടെ ഭാര്യയോട് കുട്ടിക്ക് പാൽ കൊടുക്കാൻ ആവശ്യപ്പെട്ട ശേഷമാണ് വെങ്കിടേഷ് ജോലിക്ക് പോയത്. എന്നാൽ, അൽപ്പസമയത്തിനുള്ളിൽ, ഹേമാവതിയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കോൾ ലഭിക്കകയായിരുന്നു. നിർത്താതെയുള്ള കരച്ചിലിൽ ദേഷ്യപ്പെട്ടാണ് താൻ കുഞ്ഞിനെ കൊന്നതെന്ന് ഹേമാവതി ഭർത്താവിനോട് സമ്മതിച്ചു.

> "കുഞ്ഞ് രാവിലെ മുതൽ നിർത്താതെ കരയുകയായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു, ഞാൻ അവളെ കൊന്നു. ഇത് എനിക്ക് സന്തോഷവാർത്തയാണ്, പക്ഷേ നിങ്ങൾക്ക് ദുഃഖവാർത്തയാണ്" കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഹേമാവതി ഭർത്താവിനോട് ഫോണിൽ പറഞ്ഞു.

വെങ്കിടേഷ് വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കുഞ്ഞ് പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഹേമാവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350354/mother-suffocates-six-month-old-baby-to-death)