---
title: "ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി"
english_title: "congress workers attack election squad officials remove flex boards in kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350330/congress-workers-attack-election-squad-officials-remove-flex-boards-in-kochi"
published_at: "2026-03-28T19:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7debbd7007_attack.jpg"
keywords: []
---

# ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് സംഭവം.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് സംഭവം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ചെല്ലാനത്തിന് സമീപ പ്രദേശമായ മാലാഖപ്പടിയില്‍ എത്തിയത്. ഇതേസമയം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നല്‍കുന്ന പരിപാടിയും സ്ഥലത്ത് നടന്നിരുന്നു. ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.

ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരായ ജസ്റ്റിന്‍, രഞ്ജന്‍ കുമാര്‍, തന്‍ബിന്‍, ഷിജിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പീറ്റര്‍, ഷിനു വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായാണ് ഉദ്യോഗസ്ഥരുടെ പരാതി. സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350330/congress-workers-attack-election-squad-officials-remove-flex-boards-in-kochi)