---
title: "ആകാശത്ത് എൻജിൻ തകരാർ; 161 യാത്രക്കാരുമായി ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി"
english_title: "IndiGo flight with 161 passengers makes emergency landing in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350288/indigo-flight-with-161-passengers-makes-emergency-landing-in-delhi"
published_at: "2026-03-28T15:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7a16ba30c4_IndiGo_flight_with_161_passengers_makes_emergency_landing_in_Delhi.jpg"
keywords: []
---

# ആകാശത്ത് എൻജിൻ തകരാർ; 161 യാത്രക്കാരുമായി ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി

> **Lead Summary:** ന്യൂഡൽഹി: എൻജിൻ തകരാർ സംശയിച്ചതിനെ തുടർന്ന് വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. 161 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ശനിയാഴ്ച (2026 മാർച്ച് 28) രാവിലെ 10:54-ഓടെയാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

## Article Content

ന്യൂഡൽഹി: എൻജിൻ തകരാർ സംശയിച്ചതിനെ തുടർന്ന് വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. 161 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ശനിയാഴ്ച (2026 മാർച്ച് 28) രാവിലെ 10:54-ഓടെയാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് മുൻഗണനാ ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ റൺവേ 28-ൽ 'ഫുൾ എമർജൻസി' പ്രഖ്യാപിക്കുകയും അഗ്നിശമന സേനയടക്കമുള്ള സുരക്ഷാ വിഭാഗങ്ങളെ സജ്ജമാക്കുകയും ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന് നാശനഷ്ടങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് അടിയന്തമായി നിലത്തിറക്കിയത്. രാവിലെ 10.53നാണ് അടിയന്തര ലാൻഡിങ്ങിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായും അഗ്നിശമന സേന അറിയിച്ചു.

‘ലാൻഡിങ്ങിന് തൊട്ടുമുമ്പാണ് എൻജിൻ തകരാർ കണ്ടെത്തിയത്. മുൻകരുതൽ നടപടിയായി പൈലറ്റ് ലാൻഡിങ് നടത്താൻ അഭ്യർഥിക്കുകയായിരുന്നു. വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തി. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടൻ തന്നെ വിവരം അറിയിച്ചു. വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഇൻഡിഗോ മുൻഗണന നൽകുന്നത്’ -ഇൻഡിഗോ വക്താവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350288/indigo-flight-with-161-passengers-makes-emergency-landing-in-delhi)