---
title: "'പ്രശോഭിനെ മുഖപരിചയമുണ്ട്'; ചൂഷണത്തിനിരയായ പെൺകുട്ടിക്ക് ഒപ്പമാണ് താനെന്ന് രമേഷ് പിഷാരടി"
english_title: " ramesh pisharody says he stands with girl who was exploited in palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350169/ramesh-pisharody-says-he-stands-with-girl-who-was-exploited-in-palakkad"
published_at: "2026-03-28T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c75bffe0109_ramesh_pisharody.jpg"
keywords: []
---

# 'പ്രശോഭിനെ മുഖപരിചയമുണ്ട്'; ചൂഷണത്തിനിരയായ പെൺകുട്ടിക്ക് ഒപ്പമാണ് താനെന്ന് രമേഷ് പിഷാരടി

> **Lead Summary:** **പാലക്കാട്: ** കോൺഗ്രസ് നേതാവിൻ്റെ ചൂഷണത്തിനിരയായ പെൺകുട്ടിക്ക് നീതി വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പെൺകുട്ടിക്ക് ഒപ്പമാണ് താനെന്നും ചിലർ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പ്രശോഭിനെ തനിക്ക് മുഖപരിചയമുണ്ട്. ഉചിതമായ നടപടി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കൈകൊള്ളുമെന്നും പിഷാരടി പറഞ്ഞു.

## Article Content

**പാലക്കാട്: ** കോൺഗ്രസ് നേതാവിൻ്റെ ചൂഷണത്തിനിരയായ പെൺകുട്ടിക്ക് നീതി വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പെൺകുട്ടിക്ക് ഒപ്പമാണ് താനെന്നും ചിലർ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പ്രശോഭിനെ തനിക്ക് മുഖപരിചയമുണ്ട്. ഉചിതമായ നടപടി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കൈകൊള്ളുമെന്നും പിഷാരടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരാതിക്ക് നേരത്തെ മറുപടി പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു. ചെയ്തവർ വ്യക്തിപരമായി അനുഭവിക്കണം. ഒരു വാർഡ് മെമ്പർക്ക്‌ എതിരായ പരാതി തെരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും പിഷാരടി പറഞ്ഞു.

അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350169/ramesh-pisharody-says-he-stands-with-girl-who-was-exploited-in-palakkad)