---
title: "എടയാർ തീപിടിത്തം: സിജി ലൂബ്രിക്കന്റ്സിന്റേത് ഗുരുതര സുരക്ഷാവീഴ്ച; പ്ലാന്റ് അടച്ചുപൂട്ടാൻ നിർദ്ദേശം"
english_title: "Edayar fire: Safety lapse at black oil company"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350156/edayar-fire-safety-lapse-at-black-oil-company"
published_at: "2026-03-28T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7509d6fa73_1.jpg"
keywords: []
---

# എടയാർ തീപിടിത്തം: സിജി ലൂബ്രിക്കന്റ്സിന്റേത് ഗുരുതര സുരക്ഷാവീഴ്ച; പ്ലാന്റ് അടച്ചുപൂട്ടാൻ നിർദ്ദേശം

> **Lead Summary:** **കൊച്ചി: [ **കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് എന്ന കരിഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

## Article Content

**കൊച്ചി: [ **കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് എന്ന കരിഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

വർഷം തോറും പ്ലാന്റിൽ നടത്തേണ്ട കോയിൽ ടെസ്റ്റിങ് കൃത്യസമയത്ത് പൂർത്തിയാക്കാത്തതാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബർ 26-നകം ഈ പരിശോധന നടത്തണമെന്ന് കാണിച്ച് അധികൃതർ നോട്ടീസ് നൽകിയിരുന്നെങ്കിലും മൂന്ന് മാസമായിട്ടും കമ്പനി അധികൃതർ ഇത് നടപ്പിലാക്കിയിരുന്നില്ല.

ഇതേത്തുടർന്ന് പ്ലാന്റിന് പ്രവർത്തനാനുമതി നിഷേധിക്കുകയും സ്ഥാപനം ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പ്രൊസിക്യൂഷൻ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ മാർച്ച് 26-ന് രാത്രി ഒമ്പത് മണിയോടെ ഉണ്ടായ ഈ അപകടത്തിൽ ബിഹാർ സ്വദേശിയായ ശത്രുഘ്ജ്ഞൻ എന്ന തൊഴിലാളി ദാരുണമായി മരണപ്പെട്ടിരുന്നു. തീ പടരുന്നത് കണ്ട് മറ്റ് മുപ്പതോളം തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും, വാൽവ് ഓഫ് ചെയ്യാനായി ഉള്ളിലേക്ക് കയറിയ ശത്രുഘ്ജ്ഞൻ അഗ്നിക്കിരയാവുകയായിരുന്നു.

കഴിഞ്ഞ 22 വർഷമായി കേരളത്തിൽ താമസിച്ച് ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സംസ്കാരം കളമശ്ശേരിയിൽ തന്നെയാണ് നടത്തിയത്. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കൂടാതെ, ഇദ്ദേഹത്തിന്റെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് താല്പര്യമുണ്ടെങ്കിൽ സ്ഥാപനത്തിൽ ജോലി നൽകണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിനും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും പിഴയൊടുക്കിയ ചരിത്രമുള്ള സ്ഥാപനമാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350156/edayar-fire-safety-lapse-at-black-oil-company)