---
title: "'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു"
english_title: " cpim accuses congress of being school of immoral studies over councillor sexual harassment complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350104/cpim-accuses-congress-of-being-school-of-immoral-studies-over-councillor-sexual-harassment-complaint"
published_at: "2026-03-27T18:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6815647072_en_suresh_babu.jpg"
keywords: []
---

# 'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് സ്കൂൾസ് ഓഫ് ഇമ്മോറൽ സ്റ്റഡീസ് ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?. കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് സ്കൂൾസ് ഓഫ് ഇമ്മോറൽ സ്റ്റഡീസ് ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?. കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ് പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്‌കൂള്‍ ലീഡര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. കൗണ്‍സിലര്‍ക്ക് ഇതിനൊക്കെ ധൈര്യം കിട്ടിയത് എങ്ങനെയാണ് എന്നതാണ് ചോദ്യം. ഹെഡ്മാഷിനും ക്ലാസ് ടീച്ചര്‍ക്കും ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചു കാണുമെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350104/cpim-accuses-congress-of-being-school-of-immoral-studies-over-councillor-sexual-harassment-complaint)