---
title: "'ഉന്നയിച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് ഉറപ്പ്'; താമരശേരി ബിഷപ്പിനെയും കാന്തപുരത്തെയും കണ്ട് കുഞ്ഞാലിക്കുട്ടി"
english_title: "kerala election 2026 kunhalikutty thiruvambady bishop kanthapuram meeting "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349964/kerala-election-2026-kunhalikutty-thiruvambady-bishop-kanthapuram-meeting"
published_at: "2026-03-27T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6050c9ebfc_pk_kunhalikutty.jpg"
keywords: []
---

# 'ഉന്നയിച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് ഉറപ്പ്'; താമരശേരി ബിഷപ്പിനെയും കാന്തപുരത്തെയും കണ്ട് കുഞ്ഞാലിക്കുട്ടി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി മുന്നിട്ടിറങ്ങി മുസ്​ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താമരശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലുമായും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാരുമായും രഹസ്യ കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കി.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി മുന്നിട്ടിറങ്ങി മുസ്​ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താമരശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലുമായും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാരുമായും രഹസ്യ കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കി.

ക്രിസ്ത്യന്‍ വോട്ടു വിധി നിര്‍ണയിക്കുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വച്ചുമാറുന്നത് ചര്‍ച്ച ചെയ്തെങ്കിലും അവസാന നിമിഷം ലീഗ് പിന്‍മാറുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ലീഗിന്റെ മുതിര്‍ന്ന നേതാവ് ബിഷപ്പ് ഹൗസിലെത്തുന്നത്. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ.കാസിമും കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇരുവരെയും കാണാന്‍ എത്തി. നോളജ് സിറ്റിയിലെത്തിയാണ് കാന്തപുരത്തെ കുഞ്ഞാലിക്കുട്ടി കണ്ടത്.

എപി സമസ്തയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ കടലുണ്ടിയിലെ വീട്ടില്‍ വച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. പതിവ് സമദൂര നിലപാടില്‍ നിന്നും ഉറച്ച പിന്തുണ ഇക്കുറി യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

സ്ഥാനാർഥികളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും വ്യക്തമായതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിഞ്ഞു കഴിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് 140 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്, 13 പേർ. തിരുവനന്തപുരം പേരാവൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ 11 പേര്‍വീതം മത്സരിക്കുന്നു.

നേമം ഉള്‍പ്പെടെ ആറു നിയോജക മണ്ഡലങ്ങളില്‍ 10 സ്ഥാനാർഥികൾ വീതം ഉണ്ട്. 2021 ല്‍ 957 പേരാണ് സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നത്. അന്തിമ വോട്ടര്‍പട്ടികയിൽ 2,71,42,952 വോട്ടര്‍മാരാണുള്ളത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടികയാണിത്. 1.39 കോടി സ്ത്രീകളും 1.32 കോടി പുരുഷന്‍മാരും 273 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമാണ് സംസ്ഥാനത്തെ വോട്ടർമാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349964/kerala-election-2026-kunhalikutty-thiruvambady-bishop-kanthapuram-meeting)