---
title: "ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനവില കുതിച്ചുയരുന്നു! ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗണോ? കേന്ദ്ര സർക്കാർ നൽകുന്ന മറുപടി ഇങ്ങനെ!"
english_title: "Fuel prices are soaring! Lockdown in India again?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349957/fuel-prices-are-soaring-lockdown-in-india-again"
published_at: "2026-03-27T09:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c601af73ee4_3.jpg"
keywords: []
---

# ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനവില കുതിച്ചുയരുന്നു! ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗണോ? കേന്ദ്ര സർക്കാർ നൽകുന്ന മറുപടി ഇങ്ങനെ!

> **Lead Summary:** **[** അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഏഷ്യൻ രാജ്യങ്ങളെ കടുത്ത ഊർജ്ജപ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ആഗോള എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളും കർശനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.

## Article Content

**[** അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഏഷ്യൻ രാജ്യങ്ങളെ കടുത്ത ഊർജ്ജപ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ആഗോള എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളും കർശനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്.

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം പരിമിതപ്പെടുത്തിയും തെരുവ് വിളക്കുകൾ അണച്ചും പെട്രോൾ പമ്പുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഈ പ്രതിസന്ധിയെ മറികടക്കാനാണ് വിവിധ ഏഷ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നത്.

ഇതിനിടെ ഇന്ത്യയിൽ നയാര കമ്പനി പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഊർജ്ജം ലാഭിക്കുന്നതിനായി ഏർപ്പെടുത്തുന്ന ഇത്തരം കർശന നിയന്ത്രണങ്ങളെ 'എനർജി ലോക്ക്ഡൗൺ' എന്നാണ് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്.

ഇത് ഔദ്യോഗിക പദമല്ലെങ്കിലും വരും ദിവസങ്ങളിൽ ഊർജ്ജ ഉപയോഗത്തിന് രാജ്യം പരിധി നിശ്ചയിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. എന്നാൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ വരുന്നു എന്ന പ്രചരണങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞു.

ബുധനാഴ്ച നടന്ന സർവകക്ഷി യോഗത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നും ജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ നിയന്ത്രണമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. പ്രതിസന്ധി നേരിടാനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണ ഇന്ത്യ നേരത്തെ തന്നെ വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അയൽരാജ്യങ്ങളിൽ സ്ഥിതി നിലവിൽ കൂടുതൽ ഗുരുതരമാണ്. പാകിസ്ഥാനിൽ ഇന്ധനം ലാഭിക്കുന്നതിനായി ആരാധകർ സ്റ്റേഡിയത്തിൽ പോയി കളി കാണുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ ബംഗ്ലാദേശിൽ ഇന്ധനത്തിനായി കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് അനുഭവപ്പെടുന്നത്.

ഫിലിപ്പീൻസിലും ചൈനയിലും സമാനമായ രീതിയിൽ ഊർജ്ജ പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു കഴിഞ്ഞു. എണ്ണ വിതരണത്തിന്റെ നാലിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമായതാണ് ഏഷ്യയുടെ പ്രധാന ആശങ്ക.

എങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ചർച്ചകൾക്ക് ശ്രമിക്കുന്നത് ആഗോള വിപണിയിൽ നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇന്ധന സബ്സിഡികൾ നൽകാൻ രാജ്യങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ ജാഗ്രത അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349957/fuel-prices-are-soaring-lockdown-in-india-again)