---
title: "സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്"
english_title: "Sadiqali's abuse case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349951/sadiqalis-abuse-case"
published_at: "2026-03-27T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5fd023f2dd_1.jpg"
keywords: []
---

# സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

> **Lead Summary:** **മലപ്പുറം: [ **പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് റോഷനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

## Article Content

**മലപ്പുറം: [ **പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് റോഷനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

നിലവിൽ ഇയാൾ ജില്ല വിട്ടതായാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന സൂചന. 'ഷാൻ ഷാനു' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി തങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് സൈബർ പൊലീസ് ആദ്യം കേസെടുത്തത്.

ഇതിന് പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. തുടർന്ന്, സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങൾ മലപ്പുറം എസ്.പിക്ക് നൽകിയ പരാതിയിലാണ് കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷനെതിരെ പെരിന്തൽമണ്ണ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടന്നത്.

ജനുവരി 31-ന് മുഈനലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തങ്ങളുടെ ചില അവ്യക്തമായ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കാതിരിക്കാൻ 15 കോടി രൂപ നൽകണമെന്നും, പരാതിപ്പെട്ടാൽ വധിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി.

എന്നാൽ പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ച് അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ കലാപശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഈ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും അന്വേഷണസംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349951/sadiqalis-abuse-case)