---
title: "'ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം"
english_title: "PMA Salam responds to AK Balan's allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349945/pma-salam-responds-to-ak-balans-allegations"
published_at: "2026-03-27T08:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5f0f08f3b0_pma_salam.jpg"
keywords: []
---

# 'ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം

> **Lead Summary:** **മലപ്പുറം: ** ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ്. നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്‍റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ്.

## Article Content

**മലപ്പുറം: ** ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ്. നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്‍റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ്.

വായിൽ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലൻ്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല. ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്നും വെൽഫെയർ പാർട്ടിയുമായിട്ടാണ് ബന്ധമെന്നും പി എം എ സലാം പറഞ്ഞു.

പറഞ്ഞത് ബാലൻ ആയതിനാൽ മറുപടി കുറച്ചു കഴിഞ്ഞു പറഞ്ഞാൽ മതിയെന്നും പി എം എ സലാം പ്രതികരിച്ചു.മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞത് പിൻവലിച്ചു മാപ്പ് പറയുന്ന ആളാണ് എ കെ ബാലൻ. ഇക്കാര്യത്തിലും അതിനാണ് സാധ്യതയെന്നും പി എം എ സലാം പറഞ്ഞു. കെ എം ഷാജി ജമാഅത്തിന്റെ സ്ഥാനാർത്ഥി എന്ന് പറഞ്ഞാൽ ലോകത്താരും വിശ്വസിക്കില്ല. ഇങ്ങനെയൊക്കെ പറഞ്ഞു ജീവിച്ചു പോവുകയാണെങ്കിൽ പൊക്കോട്ടെ. പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെയും ഹീനമായ പ്രചാരവേല സഖാക്കൾ നടത്തി. ഇതൊക്കെ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും പിഎംഎ സലാം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയെ തൃപ്തിപ്പെടുത്താനാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഷുവര്‍ സീറ്റ് കൊടുത്തതെന്നാണ് കഴിഞ്ഞ ദിവസം എ കെ ബാലന്‍ പറഞ്ഞത്. പണ്ട് മുസ്ലിം ലീഗ് പ്രകടമായി തന്നെ ജമാഅത്തെ ഇസ്ലാമിക്കെതിരെ നിലപാട് എടുത്തിരുന്നു. ശിഹാബ് തങ്ങളുടെ കാലത്ത് അതിശക്തമായ നിലപാട് ഈ സംഘടനക്കെതിരെ എടുത്തിരുന്നു. ഇപ്പോള്‍ അതുമായി വിധേയപ്പെട്ടു പോവുന്നു എന്നതിന്റെ തെളിവാണ് കെ എം ഷാജിക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച ഒന്നാം നമ്പര്‍ ഷുവര്‍ സീറ്റ് കൊടുത്തതെന്നും ബാലന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349945/pma-salam-responds-to-ak-balans-allegations)