---
title: "വടകരയിൽ കെ.കെ. രമയ്ക്ക് ചിഹ്നം മാറി; 'ഫുട്ബോളിന്' പകരം ഇനി 'ടെലിവിഷൻ'"
english_title: "KKRama's symbol changed in Vadakara; 'Football' replaced by 'Television'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349917/kkramas-symbol-changed-in-vadakara-football-replaced-by-television"
published_at: "2026-03-26T20:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c547dd27bb5_c.jpg"
keywords: []
---

# വടകരയിൽ കെ.കെ. രമയ്ക്ക് ചിഹ്നം മാറി; 'ഫുട്ബോളിന്' പകരം ഇനി 'ടെലിവിഷൻ'

> **Lead Summary:** **വടകര: ** വടകരയിൽ കെ.കെ. രമയ്ക്ക് ഫുട്‌ബോൾ ചിഹ്നമില്ല. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി. ആർഎംപി സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ചിഹ്നമാണ് ഫുട്‌ബോൾ. കഴിഞ്ഞ തവണ മത്സരിച്ചതും ഇതേ ചിഹ്നത്തിലായിരുന്നു. സംഭവത്തിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും ആർഎംപി അറിയിച്ചു.

## Article Content

**വടകര: ** വടകരയിൽ കെ.കെ. രമയ്ക്ക് ഫുട്‌ബോൾ ചിഹ്നമില്ല. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി. ആർഎംപി സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ചിഹ്നമാണ് ഫുട്‌ബോൾ. കഴിഞ്ഞ തവണ മത്സരിച്ചതും ഇതേ ചിഹ്നത്തിലായിരുന്നു. സംഭവത്തിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും ആർഎംപി അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ആർഎംപിയുടെ സ്ഥാനാർഥികൾ മത്സരിച്ചിരുന്നത് ഫുട്‌ബോൾ ചിഹ്നത്തിലായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനും ഇതേ ചിഹ്നം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ ചിഹ്നം അനുവദിക്കാനാവില്ല എന്ന് വരണാധികാരി വ്യക്തമാക്കുകയായിരുന്നു.

ഫുട്‌ബോൾ ഗോവയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് എന്നും അതുകൊണ്ടുതന്നെ മറ്റ് പാർട്ടികൾക്ക് അനുവദിക്കാനാവില്ല എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിലപാടെടുത്തത്. പകരം ടെലിവിഷൻ ചിഹ്നമാണ് ഇപ്പോൾ രമയ്ക്ക് അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് ആർഎംപി പ്രവർത്തകർ പറയുന്നു.

'നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നമാണ് ഫുട്‌ബോൾ, അത് പ്രകാരം നിയമസഭയിലെ ഒരു പ്രത്യേക ബ്ലോക്ക് ആയാണ് ഞങ്ങളുടെ എംഎൽഎ മുന്നോട്ടുപോയിരുന്നത്.' ആർഎപി പ്രവർത്തകർ പറയുന്നു.

2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ ചിഹ്നം ആർഎംപിഐ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചാർട്ടിൽ നമുക്ക് കാണാൻ കഴിയും. ഞങ്ങൾക്ക് നിരവധി തിരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു ചിഹ്നം റദ്ദ് ചെയ്യുമ്പോൾ ജനാധിപത്യ വ്യവസ്ഥയിൽ ഞങ്ങളെയും കേൾക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ ഏകപക്ഷീയമായി ഞങ്ങളുടെ ചിഹ്നം റദ്ദ് ചെയ്തിരിക്കുകയാണ്.' അവർ ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ആവശ്യമായ പോസ്റ്ററുകൾവരെ അടിക്കുകയും മിക്കയിടത്തും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏകപക്ഷീയമായ ജനാധിപത്യവിരുദ്ധമായ ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട്. ഞങ്ങൾ ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്.' ആർഎംപി പ്രവർത്തകർ പറയുന്നു.

താൽക്കാലികമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അംഗീകരിച്ച്, ടെലിവിഷൻ ചിഹ്നത്തിൽ മത്സരത്തിൽ ഉറച്ചു നിന്ന് മുന്നോട്ട് പോകാനാണ് യുഡിഎഫ്-ആർഎംപിഐ തീരുമാനം. ടി.പി. ചന്ദ്രശേഖരൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ടെലിവിഷൻ ചിഹ്നത്തിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349917/kkramas-symbol-changed-in-vadakara-football-replaced-by-television)