---
title: "വിവാദ പ്രയോഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി; കോഴിക്കോട്ട് വീണ്ടും 'മറ്റേ' പ്രയോഗം ആവർത്തിച്ച് കേന്ദ്രമന്ത്രി"
english_title: "Union Minister repeats 'other' term in Kozhikode again-NEW"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349888/union-minister-repeats-other-term-in-kozhikode-again-NEW"
published_at: "2026-03-26T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c510970f90c_21.jpg"
keywords: []
---

# വിവാദ പ്രയോഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി; കോഴിക്കോട്ട് വീണ്ടും 'മറ്റേ' പ്രയോഗം ആവർത്തിച്ച് കേന്ദ്രമന്ത്രി

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ തന്റെ വിവാദമായ 'മറ്റേ മോനെ' പ്രയോഗത്തിന് വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. താൻ ആ പദം മോശമായ അർത്ഥത്തിലല്ല ഉപയോഗിച്ചതെന്നും, എയിംസ് വരും എന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: [** കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ തന്റെ വിവാദമായ 'മറ്റേ മോനെ' പ്രയോഗത്തിന് വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. താൻ ആ പദം മോശമായ അർത്ഥത്തിലല്ല ഉപയോഗിച്ചതെന്നും, എയിംസ് വരും എന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വിശദീകരണത്തിനിടെ സമാനമായ മറ്റൊരു പ്രയോഗം കൂടി നടത്തി അദ്ദേഹം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചത് വിവാദമാക്കുന്നവർ 'മറ്റേ ഗുണത്തിൽ' പെട്ടവരാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പുതിയ പരാമർശം.

രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരുന്നത് കൊണ്ടാണ് താൻ തന്നെ ഷാൾ എടുത്തു കഴുത്തിൽ ഇട്ടതെന്നും, ഇതിനെ തെറ്റായി പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയാണ് ഇത്തരം പദങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരെ ഉയരുന്ന ഡീൽ ആരോപണങ്ങളെ 'കൊതിക്കെറുവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടിൽ ഒരുമിച്ച് മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും തമ്മിലാണ് യഥാർത്ഥത്തിൽ ഡീൽ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്നും, നിയമസഭയിൽ ശബ്ദമുയർത്താൻ അങ്ങനെയൊരു 'നാരീശക്തി' ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാൻ സാധിക്കുമായിരുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണികളെ ചവിട്ടിപ്പുറത്താക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349888/union-minister-repeats-other-term-in-kozhikode-again-NEW)