---
title: "ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ"
english_title: "Three Tamil Nadu natives arrested for attempting to drown by abandoning dead cattle on the roadside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349876/three-tamil-nadu-natives-arrested-for-attempting-to-drown-by-abandoning-dead-cattle-on-the-roadside"
published_at: "2026-03-26T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50929ac7d1_Three_Tamil_Nadu_natives_arrested_for_attempting_to_drown_by_abandoning_dead_cattle_on_the_roadside.jpg"
keywords: []
---

# ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം; മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

> **Lead Summary:** കൊല്ലം: ലോറിയിൽ കൊണ്ടുവന്ന കന്നുകാലി ചത്തതോടെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ജ്യോതിരാജ് , മുത്തുകുമാർ , പ്രകാശ് എന്നിവരെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കൊല്ലം: ലോറിയിൽ കൊണ്ടുവന്ന കന്നുകാലി ചത്തതോടെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ജ്യോതിരാജ് , മുത്തുകുമാർ , പ്രകാശ് എന്നിവരെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെ പത്തേക്കർ-ഡാം പാതയോരത്താണ് സംഭവം. ലോറിയിൽ കൊണ്ടുവന്ന അറവുമാട് ചത്തതിനെത്തുടർന്ന് റോഡരികിൽ ഉപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ ദൃശ്യം ബൈക്കിലെത്തിയ യാത്രക്കാർ കാണുകയും ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാർ വാർഡ് അംഗം ദിവ്യ ഉമേഷിനെ വിവരമറിയിച്ചതോടെ പഞ്ചായത്തധികൃതർ സ്ഥലത്തെത്തി തെന്മല പോലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് ആര്യങ്കാവ് ചെക്പോസ്റ്റിൽ വിവരം കൈമാറി. അറവുമാടിനെ കയറ്റിവന്ന മറ്റൊരു ലോറിയിലെ ജീവനക്കാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴുതുരുട്ടിയിൽനിന്ന് കന്നുകാലിയെ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞ ലോറി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽനിന്ന് തിരുവനന്തപുരം വഴി അറവുമാടുകളെ കേരളത്തിന്‍റെ വിവിധയിടങ്ങളിൽ കൊണ്ടുപോകുമ്പോഴാണ് ഒരെണ്ണം ചത്തുപോയ തെന്നും തുടർന്ന് ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് ലോറി ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. തെന്മല പൊലീസ് കേസെടുത്തതിനു പുറമേ പഞ്ചായത്ത് ഇവർക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349876/three-tamil-nadu-natives-arrested-for-attempting-to-drown-by-abandoning-dead-cattle-on-the-roadside)