---
title: "കുട്ടികളെ പേടിപ്പിക്കല്ലേ!  'അവധിയിൽ മാറ്റമില്ല';  സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്"
english_title: "False propaganda claiming that summer vacation has been cut short at school; Department of Public Education takes legal action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349875/false-propaganda-claiming-that-summer-vacation-has-been-cut-short-at-school-department-of-public-education-takes-legal-action-"
published_at: "2026-03-26T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50926a8c8c_bg.jpg"
keywords: []
---

# കുട്ടികളെ പേടിപ്പിക്കല്ലേ!  'അവധിയിൽ മാറ്റമില്ല';  സ്കൂളിൽ വേനലവധി വെട്ടിച്ചുരുക്കിയെന്ന് വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

## Article Content

**തിരുവനന്തപുരം: ** കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ മധ്യവേനൽ അവധി വെട്ടിക്കുറച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്.

നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിയതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ‌ വാസുകി ഐഎഎസ് പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349875/false-propaganda-claiming-that-summer-vacation-has-been-cut-short-at-school-department-of-public-education-takes-legal-action-)