---
title: "മോശം ഭക്ഷണത്തിന് കിട്ടിയത് എട്ടിന്റെ പണി!  വന്ദേഭാരതിലെ  കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ"
english_title: "Bad food in Vande Bharat; Railways fines catering company Rs 50 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349784/bad-food-in-vande-bharat-railways-fines-catering-company-rs-50-lakh-new-"
published_at: "2026-03-26T11:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4cb643b0be_VANDEBHARATH_.jpg"
keywords: []
---

# മോശം ഭക്ഷണത്തിന് കിട്ടിയത് എട്ടിന്റെ പണി!  വന്ദേഭാരതിലെ  കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

> **Lead Summary:** **ന്യൂഡൽഹി: **വന്ദേഭാരത് എക്‌സ്‌പ്രസ്സിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. ഭക്ഷണത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതി ശരിയാണെന്ന് കണ്ടത്തിയതിനെത്തുടർന്ന് ഐ.ആർ.സി.ടി.സിക്ക് 10 ലക്ഷം രൂപയും പിഴയിട്ടു.

## Article Content

**ന്യൂഡൽഹി: **വന്ദേഭാരത് എക്‌സ്‌പ്രസ്സിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. ഭക്ഷണത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതി ശരിയാണെന്ന് കണ്ടത്തിയതിനെത്തുടർന്ന് ഐ.ആർ.സി.ടി.സിക്ക് 10 ലക്ഷം രൂപയും പിഴയിട്ടു.

ഇതോടൊപ്പം കാറ്ററിങ് ടീമിന്‍റെ കരാർ റദ്ദാക്കാനും ഉത്തരവിട്ടു. വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകി പരാതിയെത്തുടർന്നാണ് നടപടി. മാർച്ച് 15ന് പട്‌ന-ടാറ്റാനഗർ(21896) ട്രെയിനിൽ നൽകിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി നൽകിയത്.

അതേ സമയം യാത്രക്കാരുടെ സുരക്ഷക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അറിയിച്ചു. പ്രതിവർഷം ഏകദേശം 58 കോടി ഭക്ഷണപൊതികളാണ് ഇന്ത്യൻ റെയിൽവേ വിതരണം ചെയ്യുന്നതെന്നും ഇതിൽ അമിതവില ഈടാക്കുന്നത് അടക്കമുള്ള പരാതികൾ വെറും 0.0008 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 2025 ൽ പാന്ററി കാർ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവങ്ങളിൽ ബന്ധപ്പെട്ട റെയിൽവേ പൊലീസ് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

2026ൽ നടപ്പിലാക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം അംഗീകരിച്ച ആകെ നവീകരണപ്രവർത്തനങ്ങളുടെ എണ്ണം ഒമ്പതായി. നിലവിലുള്ള ‘റിഫോം എക്സ്പ്രസ്’ പദ്ധതിക്ക് കീഴിൽ നേരത്തെ നാല് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ രണ്ടെണ്ണം ചരക്ക് നീക്കവുമായും ഒരെണ്ണം നിർമാണ പ്രവർത്തനങ്ങളുമായും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളുമായും ബന്ധപ്പെട്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349784/bad-food-in-vande-bharat-railways-fines-catering-company-rs-50-lakh-new-)