---
title: "കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തു! ആശുപത്രിക്ക് പുറത്തിറങ്ങിയ യുവാവ് റോഡിൽ കുഴഞ്ഞുവീണു"
english_title: "A young man who was discharged from the hospital collapsed on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349769/a-young-man-who-was-discharged-from-the-hospital-collapsed-on-the-road"
published_at: "2026-03-26T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4c0083073b_A_young_man_who_was_discharged_from_the_hospital_collapsed_on_the_road.jpg"
keywords: []
---

# കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തു! ആശുപത്രിക്ക് പുറത്തിറങ്ങിയ യുവാവ് റോഡിൽ കുഴഞ്ഞുവീണു

> **Lead Summary:** കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ് സംഭവം. കൊല്ലം സ്വദേശിയായ അനീഷ് ആണ് അവശനായി വീണത്.

## Article Content

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ് സംഭവം. കൊല്ലം സ്വദേശിയായ അനീഷ് ആണ് അവശനായി വീണത്.

ദില്ലിയിൽ നിന്നും കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയ അനീഷ് അവിടെ വെച്ച് ക്രൂരമായ ആക്രമണത്തിനും മോഷണത്തിനും ഇരയായിരുന്നു. ഇതിനെത്തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി അധികൃതർ തന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു എന്ന് അനീഷ് ആരോപിച്ചതായി കളമശേരി നഗരസഭയിലെ കൗൺസിലർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ചികിത്സ നൽകാതെ രോഗിയെ പുറത്താക്കിയെന്ന ആരോപണം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനീഷിനെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിരയായ വ്യക്തിയോട് മെഡിക്കൽ കോളേജ് അധികൃതർ കാണിച്ച അവഗണനയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ അനീഷിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349769/a-young-man-who-was-discharged-from-the-hospital-collapsed-on-the-road)