---
title: "ക്നാനായ സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം: സഭയിൽനിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി"
english_title: "High Court says expulsion from church is a violation of fundamental rights"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349760/high-court-says-expulsion-from-church-is-a-violation-of-fundamental-rights"
published_at: "2026-03-26T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4ba89107ef_High_Court_says_expulsion_from_church_is_a_violation_of_fundamental_rights.jpg"
keywords: []
---

# ക്നാനായ സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം: സഭയിൽനിന്ന് പുറത്താക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

> **Lead Summary:** കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

## Article Content

കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും, അത് സമുദായപരമായ നിയന്ത്രണങ്ങളിലൂടെ നിർബന്ധിതമാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മത സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം ഭരണഘടനാപരമായ വ്യക്തിഗത അവകാശങ്ങളിൽ ഇടപെടുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എസ് ഈശ്വരന്റെതാണ് വിധി. കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധിയും അതിനെ ശരി വെച്ച അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആർച്ച് ബിഷപ്പും ഉൾപ്പെടെ നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി.

ക്നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ നിർബന്ധിത ആചാരമാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ, ഈ ആചാരം പാലിക്കാത്തതിന് സഭാംഗത്തെ പുറത്താക്കുന്നത് നിയമപരമായി സാധുവല്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്നുള്ള ബൈബിൾ വചനവും കോടതി വിധിയിൽ ഉദ്ധരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349760/high-court-says-expulsion-from-church-is-a-violation-of-fundamental-rights)