---
title: "ടെക് ഭീമന്മാർക്ക് മുട്ടുമടക്കേണ്ടി വന്നു!; 20-കാരിയുടെ മനസ്സ് തകർത്തു; മെറ്റയ്ക്കും ഗൂഗിളിനും 56 കോടി പിഴ"
english_title: "20-year-old's mind was broken; Meta and Google fined Rs 56 crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349759/20-year-olds-mind-was-broken-meta-and-google-fined-rs-56-crore"
published_at: "2026-03-26T10:08:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4b895d86ff_Meta_and_Google_fined_Rs_56_crore.jpg"
keywords: []
---

# ടെക് ഭീമന്മാർക്ക് മുട്ടുമടക്കേണ്ടി വന്നു!; 20-കാരിയുടെ മനസ്സ് തകർത്തു; മെറ്റയ്ക്കും ഗൂഗിളിനും 56 കോടി പിഴ

> **Lead Summary:** ന്യൂയോര്‍ക്ക്: കുട്ടികളിലെ സോഷ്യൽ മീഡിയ അടിമത്തവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനുമെതിരെ ചരിത്രവിധിയുമായി യുഎസ് കോടതി. വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നു എന്ന പരാതിയിൽ രണ്ട് കമ്പനികളും ചേർന്ന് ഏകദേശം 56 കോടി രൂപ (6 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.

## Article Content

ന്യൂയോര്‍ക്ക്: കുട്ടികളിലെ സോഷ്യൽ മീഡിയ അടിമത്തവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനുമെതിരെ ചരിത്രവിധിയുമായി യുഎസ് കോടതി. വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നു എന്ന പരാതിയിൽ രണ്ട് കമ്പനികളും ചേർന്ന് ഏകദേശം 56 കോടി രൂപ (6 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.

ഇൻസ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ 4.2 മില്യൺ ഡോളറും, യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിൾ 1.8 മില്യൺ ഡോളറും പിഴയൊടുക്കണം. മെറ്റയുടെയും യൂട്യൂബിന്റെയും അമിത ഉപയോഗം കാരണം തന്റെ മാനസികാരോഗ്യം തകർന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയും ഗൂഗിളും 20 വയസ്സുകാരിയുടെ മാനസികാരോഗ്യത്തിന് ഹാനികരമായ ആസക്തി ഉളവാക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം നിർമ്മിച്ചതായി കോടതി കണ്ടെത്തി. കുട്ടികളുടെ മനസിനെ ബാധിക്കുന്നു എന്നറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്ന് ലോസാഞ്ചലസ് കോടതി പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനികൾ വ്യക്തമാക്കി.

യുവതിയുടെ പരാതിയില്‍ ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം വാദം നീണ്ടു. തുടർന്നാണ് കോടതി ചരിത്രപരമായ വിധി പറഞ്ഞത്. മെറ്റയും യൂട്യൂബും അവരുടെ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന, പ്രവര്‍ത്തനം എന്നിവയില്‍ മതിയായ ശ്രദ്ധ കാണിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആഗോള ഡിജിറ്റല്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തല്‍. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്

കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണ്ണമാണ്, അത് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് മാത്രമല്ലെന്നാണ് ഇവ‍ർ വാദിക്കുന്നത്. വിധിയോട് ബഹുമാന പൂര്‍വം വിയോജിക്കുന്നു എന്നാണ് മെറ്റ ഗൂഗിള്‍ പ്രതിനിധികളുടെ പ്രതികരണം. ഓരോ കേസും വ്യത്യസ്തമായതിനാൽ ഞങ്ങൾ ശക്തമായി സ്വയം പ്രതിരോധിക്കുന്നത് തുടരും, കൗമാരക്കാരെ സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഗൂഗിൾ വക്താവ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349759/20-year-olds-mind-was-broken-meta-and-google-fined-rs-56-crore)