---
title: "പെരമ്പൂരിൽ വിജയിക്കായി എൻഡിഎ 'വഴിമാറുന്നു'? പിഎംകെയ്ക്ക് സീറ്റ് നൽകിയതിൽ ദുരൂഹതയെന്ന് ആരോപണം"
english_title: "Allegations of mystery surrounding seat allocation to PMK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349741/allegations-of-mystery-surrounding-seat-allocation-to-pmk"
published_at: "2026-03-26T09:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4adc220bc4_1.jpg"
keywords: []
---

# പെരമ്പൂരിൽ വിജയിക്കായി എൻഡിഎ 'വഴിമാറുന്നു'? പിഎംകെയ്ക്ക് സീറ്റ് നൽകിയതിൽ ദുരൂഹതയെന്ന് ആരോപണം

> **Lead Summary:** **ചെന്നൈ:[ **തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സഖ്യം പ്രഖ്യാപിച്ച സീറ്റ് വിഭജനത്തിൽ ടിവികെ നേതാവ് വിജയ്‌ക്കായി വഴിവിട്ട സഹായം ഉണ്ടായെന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാകുന്നു.

## Article Content

**ചെന്നൈ:[ **തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സഖ്യം പ്രഖ്യാപിച്ച സീറ്റ് വിഭജനത്തിൽ ടിവികെ നേതാവ് വിജയ്‌ക്കായി വഴിവിട്ട സഹായം ഉണ്ടായെന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാകുന്നു.

വിജയ് മത്സരിക്കുമെന്ന് കരുതപ്പെടുന്ന പെരമ്പൂർ മണ്ഡലം സഖ്യകക്ഷിയായ പിഎംകെയ്ക്ക് നൽകിയതാണ് ഈ സംശയങ്ങൾക്ക് ആധാരം. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലാത്ത തങ്ങൾ ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് പിഎംകെ നേതാവ് അൻപുമണി രാമദാസ് തന്നെ വ്യക്തമാക്കിയത് എൻഡിഎയുടെ തന്ത്രപരമായ നീക്കമാണെന്ന സൂചന നൽകുന്നു.

2016-ൽ ഇവിടെ മത്സരിച്ചപ്പോൾ കേവലം 3600 വോട്ടുകൾ മാത്രം നേടാനായ പിഎംകെയ്ക്ക് ഇത്തവണ സീറ്റ് നൽകിയത് വിജയ്‌യുടെ വിജയസാധ്യത വർധിപ്പിക്കാനാണെന്നാണ് വിലയിരുത്തൽ. സഖ്യത്തെ നയിക്കുന്ന എഐഎഡിഎംകെയോ ശക്തമായ സാന്നിധ്യമുള്ള ബിജെപിയോ പെരമ്പൂരിൽ മത്സരിക്കാത്തതിൽ അണികൾക്കിടയിലും വലിയ പ്രതിഷേധമുണ്ട്.

2021-ൽ ചെപ്പോക്ക് മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതിന് സമാനമായ നീക്കമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പിഎംകെ ആവശ്യപ്പെട്ട മുപ്പത് സീറ്റുകളുടെ പട്ടികയിൽ പെരമ്പൂർ ഉണ്ടായിരുന്നില്ലെന്നും, ആകെയുള്ള 18 സീറ്റുകളിൽ 11 എണ്ണം മാത്രമാണ് അവർ ചോദിച്ചു വാങ്ങിയതെന്നും പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.

അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ എഐഎഡിഎംകെ 169 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ചെന്നൈ മേഖലയിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

മറുവശത്ത്, ഇന്ത്യ സഖ്യത്തിൽ ഡിഎംകെ ചിഹ്നത്തിൽ 175 സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. 2001-ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റുകളിൽ ഡിഎംകെ നേരിട്ട് മത്സരിക്കുന്നത് എന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349741/allegations-of-mystery-surrounding-seat-allocation-to-pmk)