---
title: "'സ്ത്രീയാകുക കുറ്റകരമാണ്, തൻ്റേടിയും അഭിമാനിയുമായ സ്ത്രീയാവുക അതിലും കുറ്റകരമാണ്' - പ്രതികരണവുമായി ശാദരക്കുട്ടി"
english_title: "UShadarakutty responds to abusive remarks against Pratibha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349718/ushadarakutty-responds-to-abusive-remarks-against-pratibha-new"
published_at: "2026-03-25T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c409c8ebcf1_cj.jpg"
keywords: []
---

# 'സ്ത്രീയാകുക കുറ്റകരമാണ്, തൻ്റേടിയും അഭിമാനിയുമായ സ്ത്രീയാവുക അതിലും കുറ്റകരമാണ്' - പ്രതികരണവുമായി ശാദരക്കുട്ടി

> **Lead Summary:** **തിരുവനന്തപുരം: **കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെയുള്ള ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ കടുത്ത കുറ്റക്കാരിയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം: **കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെയുള്ള ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ കടുത്ത കുറ്റക്കാരിയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

*സ്ത്രീയാകുക കുറ്റകരമാണ്. തൻ്റേടിയും അഭിമാനിയുമായ സ്ത്രീയാവുക അതിലും കുറ്റകരമാണ്. തൻ്റേടിയും അഭിമാനിയും ആയ സ്ത്രീ സുന്ദരി കൂടിയായാൽ അവർ അതിലേറെ വലിയ കുറ്റക്കാരിയാണ്. തൻ്റേടിയും അഭിമാനിയും സുന്ദരിയുമായ സ്ത്രീ -അവർ ഇടതു പക്ഷം കൂടിയായായാൽ പിന്നെ തകർത്തു കളയുക തന്നെ വേണം.*

* എന്ത് ആഭാസവും പറയാൻ ഇത്രയുമൊക്കെ ധാരാളമാണ്. യു. പ്രതിഭക്കെതിരെയുള്ളത് വെറും അധിക്ഷേപമല്ല, മറിച്ച് ആണഹങ്കാരത്തിൻ്റെയും രാഷ്ട്രീയവൈരത്തിൻ്റെയും തോൽവിഭയത്തിൻ്റെയും പുളിച്ചു തേട്ടലാണ്. മണ്ഡലത്തിലെ വോട്ടർമാർ അതങ്ങു ചുമ്മാ സമ്മതിച്ചു തരില്ല. with യു പ്രതിഭ*

അതേസമയം കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ നടപടിയെടുത്ത് യു ഡി എഫും മുസ്ലിം ലീഗും. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു.

കായകുളം യു ഡി എഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്‌ ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്. നേരത്തെ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാർഥി എം ലിജു രംഗത്തെത്തിയിരുന്നു.

വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തിരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യു ഡി എഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു, ഖേദവും പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349718/ushadarakutty-responds-to-abusive-remarks-against-pratibha-new)